കല്ലടിക്കോട്: കാഞ്ഞിക്കുളത്ത് പശുവിനെ മേയ്ക്കാൻ പോയ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. മോപ്പാടം ചേലപ്പാറ കാട്ടിക്കല്ല് പനന്തോട്ടം വാസു (73)വാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ കല്ലടിക്കോടൻ മലയോടു ചേർന്നുള്ള റബർതോട്ടത്തിൽ പശുവിനെ മേയ്ക്കുകയായിരുന്ന വാസുവിനെ പിന്നിലൂടെ വന്ന കാട്ടാന ആക്രമിക്കുകയായിരുന്നു.
ശബ്ദംകേട്ട് ഓടിമാറാൻ ശ്രമിക്കുന്നതിനിടയിൽ കൊമ്പുകൊണ്ട് കുത്തുകയും ചെയ്തു. വാസു സംഭവസ്ഥലത്തു തന്നെ മരിച്ചു. ഇതോടെ സ്ഥലത്ത് നേരീയ സംഘർഷമുണ്ടായി. കളക്ടർ സ്ഥലത്തെത്താതെ മൃതദേഹം വിട്ടുകൊടുക്കില്ലെന്ന് നാട്ടുകാർ നിലപാടെടുത്തു. തുടർന്ന് ഓറ്റപ്പാലം ആർ.ഡി.ഒയും ഒലവക്കോട് ഡി.എഫ്.ഒ. നരേന്ദ്രനുമായി നടത്തിയ ചർച്ചയിലാണ് മൃതദേഹം വിട്ടുകൊടുക്കാൻ തയാറായത്.
വാസുവിന്റെ ആശ്രിതർക്ക് ജോലിനല്കാമെന്നും നഷ്ടപരിഹാരമായി 5 ലക്ഷം ഇപ്പോൾ തന്നെ നൽകാമെന്നും തെരുവ് വിളക്കുകളും വൈദ്യുതിവേലിയും നിർമിക്കാമെന്നുമുള്ള ഉറപ്പിലാണ് നാട്ടുകാർ മൃതദേഹം വിട്ടുകൊടുത്തത്.
ഡിവൈ.എസ്.പി വിജയകുമാർ, കോങ്ങാട് എസ്.ഐ അനീഷ്, റേഞ്ച് ഓഫീസർ ഷെറീഫ്, സെക്ഷൻ ഓഫീസർ മാരായ മോഹനകൃഷ്ണൻ, ഹാഷീം തുടങ്ങിയവരും ജനപ്രതിനിധികളും സ്ഥലത്തെത്തി. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുത്തു. സംസ്‌കാരം ഇന്നു രാവിലെ പത്തിന് തിരുവില്വാമല ഐവർമഠത്തിൽ നടക്കും.
ഭാര്യ തങ്കമണി. മക്കൾ: കണ്ണൻ, ബാബു, സുമതി. മരുമക്കൾ: രജിത, ദീപ, കൃഷ്ണൻകുട്ടി.
കാട്ടാനയുടെ ആക്രമണത്തിലും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയിലും പ്രതിക്ഷേധിച്ച് കാഞ്ഞിക്കുളത്ത് അരമണിക്കൂറോളം ദേശീയപാത ഉപരോധിച്ചു.