road
ചെർപ്പുളശ്ശേരി പട്ടാമ്പി റോഡ് തകർന്ന നിലയിൽ.

ചെർപ്പുളശേരി: മല കയറുന്നതിനെക്കാൾ സാഹസികമാണ് ഇപ്പോൾ ചെർപ്പുളശേരി മുതൽ വല്ലപ്പുഴ വരെയുള്ള യാത്ര. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഈ ദുരിതം, വർഷം ഒന്നായി. ഒമ്പത് കിലോമീറ്റർ ദൂരം വരുന്ന റോഡിൽ കുഴിയില്ലാത്ത ഒരുഭാഗം പോലുമില്ല.

ചെർപ്പുളശേരി ടൗണിൽ നിന്നാരംഭിക്കുന്ന ദുരിതം വല്ലപ്പുഴ റെയിൽവേ ഗേറ്റ് വരെനീളും. അറ്റകുറ്റപ്പണി പോലും റോഡിൽ നടത്താത്തതാണ് യാത്രക്കാരുടെ നടുവൊടിക്കുന്നത്. മഴക്കാലത്ത് പൂർണമായും തകർന്ന റോഡിൽ ഇടയ്ക്ക് കുറച്ച് മെറ്റൽ ഇട്ടതല്ലാതെ പിന്നീട് അധികൃതർ തിരിഞ്ഞുനോക്കിയില്ല. സ്വകാര്യ ബസുകാർ പല തവണ പണിമുടക്കിനൊരുങ്ങിയപ്പോഴും ഇപ്പോൾ ശരിയാക്കാം എന്നുപറഞ്ഞ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തടിതപ്പി.

റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ബസ് ഉടമകൾ കഴിഞ്ഞ ദിവസം പൊതുമരാമത്ത് അധികൃതരെ കണ്ടപ്പോൾ പത്തിന് മുമ്പ് റോഡിന്റെ റീടാറിംഗ് പ്രവൃത്തി ആരംഭിക്കുമെന്ന് പറഞ്ഞെങ്കിലും മെറ്റൽപോലും ഇറക്കിയിട്ടില്ല. പരാതി പറഞ്ഞ് മടുത്തിരിക്കുകയാണ് ബസുടമകളും ജനങ്ങളും. പ്രദേശിക റോഡുകൾ പോലും ടാർ ചെയ്ത് നവീകരിക്കുമ്പോഴാണ് പ്രധാന പാതയിൽ ഈ ദുരിതം. കുഴിയിൽ വീണുള്ള അപകടങ്ങളും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും നിത്യസംഭവമാണ്.

ചെർപ്പുളശേരി- പട്ടാമ്പി റോഡ് തകർന്ന നിലയിൽ