കൊല്ലങ്കോട്: ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച നഗരത്തിലും സ്റ്റാന്റിലുമുള്ള ഹൈമാസ്റ്റ് ലൈറ്റുകൾ കണ്ണടച്ചിട്ട് ഒരു മാസമായിട്ടും അധികൃതർക്ക് അനക്കമില്ല.
രാത്രി നഗരത്തിൽ വെളിച്ചമില്ലാത്തതിനാൽ മോഷ്ടാക്കളടെയും പിടിച്ചുപറിക്കാരുടെയും ശല്യം കൂടിവരുകയാണ്. ടൗണിൽ പൊലീസ് സ്ഥാപിച്ച ക്യാമറകൾ വഴി രാത്രിയിൽ ഹൈമാസ്റ്റ് വെളിച്ചത്തിൽ ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾ ഏതെല്ലാമാണെന്ന് വ്യക്തമായി നിരീക്ഷിക്കാൻ കഴിയുമായിരുന്നു. എന്നാൽ ലൈറ്റുകൾ പ്രകാശിക്കാതായതോടെ ഇത് ക്ളേശകരമായി.
അന്തർ സംസ്ഥാന പാതയിലൂടെ മണ്ഡല കാലത്ത് കടന്നുപോകുന്ന വാഹനങ്ങൾ പുലിക്കോട് അയ്യപ്പ ക്ഷേത്രത്തിന് സമീപം നിറുത്തി ദർശനം നടത്തുന്നത് പതിവാണ്. ഇവർക്കും നഗരത്തിലെ വെളിച്ചമില്ലായ്മ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
മാസങ്ങൾക്ക് മുമ്പ് കാൽലക്ഷം രൂപ നൽകി സർവീസ് ചെയ്ത ലൈറ്റുകൾ പ്രകാശിപ്പിച്ചെങ്കിലും പിന്നീട് ആറോളം ലെറ്റുകളിൽ ഒരെണ്ണം മാത്രമേ പ്രവർത്തിച്ചുള്ളൂ. ഇപ്പോൾ എല്ലാ പ്രകാശവും അണഞ്ഞു. വിഷയത്തിൽ അധികൃതർ ഉടൻ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൊല്ലങ്കോട് നഗരത്തിലെ പ്രവർത്തന രഹിതമായ ഹൈമാസ്റ്റ് ലൈറ്റുകൾ