ശ്രീകൃഷ്ണപുരം: മുറിയങ്കണ്ണിയുടെ കൈവരിയായ പനാംത്തോട്ടിൽ കഴിഞ്ഞദിവസം അതിരാവിലെ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. തച്ചനാട്ടുക്കര, താഴേക്കോട് പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ചിട്ടുള്ള മോട്ടർ പുരയുടെ സമീപമാണ് സാമൂഹ്യ വിരുദ്ധർ മാലിന്യം തള്ളിയിരിക്കുന്നത്. ഇതോടെ ജലവിതരണം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

നാട്ടുകാരുടെ പരാതിയിൽ ശ്രീകൃഷ്ണപുരം പൊലീസ് നടത്തിയ അന്വേഷണത്തിൽ ആലിപ്പറമ്പ് സ്വദേശികളായ അബ്ദുൾ ഖാദർ, മുഹമ്മദ് ഷമീം എന്നിവർക്കെതിരെ കേസെടുത്തു. പ്രദേശത്തെ ഹോട്ടലിൽ നിന്നുള്ള ഹോട്ടൽ അവശിഷ്ടങ്ങളാണ് തള്ളിയതെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു.

വെള്ളം മലിനമായതിനു പുറമെ അസഹ്യമായ ദുർഗന്ധം വമിക്കുന്നതിനാൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറഞ്ഞു. ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ മാലിന്യം തള്ളുന്നത്. പുലർച്ചെ കോട്ടപ്പുറം മുറിയങ്കണ്ണി റോഡിലൂടെ വാഹനം പോകുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ആരോഗ്യ വകുപ്പ് അധികൃതർ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ശുചീകരിച്ചു.