ഒറ്റപ്പാലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എൻജിനീയർമാർക്ക് താലൂക്ക് വികസന സമിതിയിൽ വിമർശനം. പ്രളയദുരിതാശ്വാസ വിതരണത്തിലെ കാലതാമസത്തിന് കാരണം തദ്ദേശസ്ഥാപനങ്ങളിലെ എൻജിനീയർമാരുടെ അലസതയാണെന്നായിരുന്നു ആരോപണം. രണ്ടാംഘട്ട ധനസഹായ വിതരണം ഇഴഞ്ഞുനീങ്ങുകയാണെന്ന് തഹസിൽദാർ എസ്.ബിജു പറഞ്ഞു.
പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ആദ്യഗഡു ധനസഹായം നേരത്തെ വിതരണം ചെയ്തിരുന്നു.
ധനസഹായം ലഭിച്ചവർ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു. എന്നാൽ രണ്ടാംഘട്ട ധനസഹായം ലഭിക്കണമെങ്കിൽ അതാത് തദ്ദേശസ്ഥാപനത്തിലെ എൻജിനീയർമാർ നിർമ്മാണ പുരോഗതി വിലയിരുത്തി റവന്യൂവിന് സാക്ഷ്യപത്രം നൽകണം. ഈ നടപടിയിലാണ് എൻജിനീയർമാർ കാലതാമസം വരുത്തുന്നത്.
നിലവിൽ 13 പേർക്ക് മാത്രമാണ് രണ്ടാംഗഡു നൽകിയിട്ടുള്ളത്. മാർച്ച് മാസത്തിനകം മുഴുവൻ ധനസഹായവും കൊടുത്തുതീർക്കണം എന്നാണ് സർക്കാർ നിർദ്ദേശം. ഇത് നടപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങളുടെ അദ്ധ്യക്ഷൻമാർ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും എൻജിനീയർമാർക്ക് നിർദ്ദേശം നൽകണമെന്നും തഹസിൽദാർ യോഗത്തിൽ ആവശ്യപ്പെട്ടു.
താലൂക്ക് ആശുപത്രിയിൽ എച്ച്.എം.സി യോഗം കൃത്യമായി നടക്കുന്നില്ലെന്ന ആരോപണം ഡി.എം.ഒക്ക് റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചു. ഓപ്പറേഷൻ സുരക്ഷ നടപടികൾ പുരോഗമിക്കുന്നുണ്ടെന്നും കടമ്പഴിപ്പുറത്ത് സി.പി.എം ഓഫീസടക്കം പൊളിച്ചുമാറ്റിയെന്നും റവന്യൂവകുപ്പ് യോഗത്തിൽ അറിയിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.കെ.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി തഹസിൽദാർ അബ്ദുൾ മജീദ്, കരിമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഷീബ, നെല്ലായ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഷാഫി എന്നിവർ സംസാരിച്ചു.