മണ്ണാർക്കാട്: ദേശീയപാത നവീകരണ പ്രവർത്തനങ്ങൾ പാതിവഴിയിൽ. ഹർത്താലിനും തുടർച്ചയായി രണ്ടുദിവസം നടന്ന പണിമുടക്കിനും പുറമേ യു.എൽ.സി.സി.എസിന്റെ ഭൂരിഭാഗം തൊഴിലാളികളും അവധിയിൽപ്പോയതാണ് നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കാൻ കാരണം. കുമരംപുത്തുർ കല്ലടി ഹൈസ്‌കൂളിന് സമീപത്തുള്ള കലുങ്ക് നിർമ്മാണവും മന്ദഗതിയിലാണ്.
ഒരാഴ്ചയായി പ്രവർത്തനങ്ങൾ നിലച്ചിട്ട്. റോഡിന്റെ പകുതിയിലേറെ ഭാഗം ഇവിടെ ബ്ലോക്ക് ചെയ്തതു മൂലം വാഹനങ്ങൾക്ക് വലിയ ഗതാഗത തടസമാണ് ഉണ്ടാകുന്നത്. ചരക്കുവാഹനങ്ങളുടെ വരവും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. ഗതാഗതം നിയന്ത്രിക്കാനായി പൊലീസ് ഉദ്യോഗസ്ഥരുണ്ടെങ്കിലും കുരുക്കിന് കുറവില്ല.
രാത്രി കാലങ്ങളിൽ ഇതുവഴിയുള്ള യാത്ര വലിയ തലവേദനയാണ്. തുടർച്ചയായി പ്രവർത്തനം നടന്നാൽ തന്നെ കലുങ്ക് നിർമ്മാണം പൂർത്തിയാകാൻ ആഴ്ചകളെടുക്കുമെന്ന സാഹചര്യമാണുള്ളത്. ഇത്തരം സാഹചര്യത്തിൽ ദിവസങ്ങളോളം പ്രവർത്തനം നിശ്ചലമാകുന്നത് പ്രതിസന്ധി രൂക്ഷമാക്കും. അവധിയെടുത്ത് പോയ തൊഴിലാളികളെ അടുത്ത ദിവസം തന്നെ തിരിച്ചെത്തിച്ച് പ്രവർത്തനം വേഗത്തിലാക്കുമെന്നാണ് ഇതുസംബന്ധിച്ച് യു.എൽ.സി.സി.എസ് അധികൃതർ പറയുന്നത്.