പാലക്കാട്: ഫ്ലക്‌സ് നിരോധന ഉത്തരവ് പ്രഹസനമായതായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ലോയേഴ്‌സ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സംസ്ഥാന ഇക്കോ ലീഗൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫ്ലക്‌സ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത് തനിക്ക് വേണ്ടിയല്ല, പരിസ്ഥിതിയെ സംരക്ഷിക്കാൻ വേണ്ടിയാണ്. എറണാകുളം മുതൽ പാലക്കാടുവരെ ഇരുവശങ്ങളിലുള്ള ഫ്ലക്‌സുകൾ ഡിസംബർ ഒന്നിന് മുമ്പായി നീക്കം ചെയ്യണമെന്ന് കർശന നിർദ്ദേശം നൽകിയിരുന്നുവെങ്കിലും ഇപ്പോഴും ബോർഡുകൾ കുന്നുകൂടി കിടക്കുകയാണ്. ഫ്ലക്‌സ് ഉപയോഗിക്കുന്നതിന് എതിരല്ല എന്നാൽ, ഇവ നീക്കം ചെയ്യുന്നതിനും സംസ്‌കരിക്കുന്നതിനും പ്രത്യേക സ്ഥലത്ത് കൃത്യമായ സംവിധാനം കണ്ടെത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പരിപാടിയിൽ മുൻ മന്ത്രി കെ.പി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പി.കെ.ചിത്രഭാനു, അഡ്വ. എ.ജയശങ്കർ, അഡ്വ. പി.എ.അസീസ്, അഡ്വ. പി.സി.മൊയ്തീൻ എന്നിവർ സംസാരിച്ചു.
പ്രളയാന്തര കേരളം പുനർജീവനം സാധ്യതകളും പ്രതിസന്ധികളും, ഭരണഘടന സംരക്ഷണവും ജൂഡീഷ്വറിയുടെ സ്വതന്ത്രവും എന്നീ വിഷയങ്ങളിൽ സെമിനാർ നടന്നു. സീനിയർ അഭിഭാഷകരെ ആദരിക്കുന്ന ചടങ്ങ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. വി.ചാമുണ്ണി, കെ.പി.സുരേഷ് രാജ്, അഡ്വ. ടി.എൻ.അരുൺകുമാർ എന്നിവർ സംസാരിച്ചു. ക്യാമ്പ് ഇന്ന് സമാപിക്കും.