ചെർപ്പുളശ്ശേരി: സംസ്ഥാന സർക്കാറിന്റെ പൊതുവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി വിദ്യാലയങ്ങളിൽ ജൈവ വൈവിധ്യോദ്യാനം നിർമ്മിക്കുന്നതിനുള്ള പദ്ധതിയിലേക്ക് അടക്കാപുത്തൂർ ശബരി പി.ടി.ബി സ്മാരക ഹയർസെക്കൻഡറി സ്‌കൂളിനെ തിരഞ്ഞെടുത്തു.
സ്‌കൂളിൽ സജീവമായി പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ് ദേശീയ ഹരിതസേനയുടെയും ഇന്ത്യനൂർ ഗോപിമാസ്റ്റർ സ്മാരക പരിസ്ഥിതി പഠനകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിലാണ് വിദ്യാലയത്തിൽ ജൈവ വൈവിധ്യോദ്യാനം ഒരുക്കുന്നത്. വിദ്യാലയത്തെ മാതൃക ജൈവ വൈവിധ്യോദ്യാനമാക്കി മാറ്റുന്നതിനുള്ള മുന്നൊരുക്കങ്ങൾക്കായി സ്‌കൂളിൽ ജനപ്രതിനിധികൾ, പരിസ്ഥിതി പ്രവർത്തകർ, പൂർവ വിദ്യാർത്ഥികൾ എന്നിവർ അടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു.
വാർഡ് അംഗം കെ.ടി.ഉണ്ണികൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബി.ആർ.സി ട്രൈയിനർ സനോജ് പദ്ധതി വിശദീകരണം നടത്തി. പ്രധാനാദ്ധ്യാപകൻ എം.പ്രശാന്ത്, ദേശീയ ഹരിതസേന കോ-ഓർഡിനേറ്റർ കെ.അജിത്, കെ.ടി.മുരളി മോഹൻ, രാജേഷ് അടക്കാപുത്തൂർ, പി.സി.ശങ്കരൻ, ബാബുരാജ്, ജി.രാജേഷ്, എന്നിവർ സംസാരിച്ചു. കെ.ടി.ഉണ്ണികൃഷ്ണൻ ചെയർമാനായും കെ.അജിത് കൺവീനറുമായുള്ള കമ്മിറ്റി രൂപീകരിച്ചു. സ്‌കൂൾ മാനേജ്‌മെന്റ് ശബരി ചാരിറ്റബിൾ ട്രസ്റ്റും ജൈവ വൈവിധ്യോദ്യാന നിർമ്മാണത്തിന് സഹായത്തിനുണ്ട്.