നെന്മാറ: നഗരത്തിൽ ഗതാഗതകുരുക്ക് രൂക്ഷമാകുമ്പോഴും രണ്ടുവർഷം മുമ്പ് പ്രഖ്യാപിച്ച നെന്മാറ ബൈപ്പാസിന്റെ പ്രാരംഭ നടപടികൾ എങ്ങുമെത്താതെ കിടക്കുകയാണ്.
ഹയർ സെക്കൻഡറി സ്‌കൂളുകൾ ഉൾപ്പെടെ 13 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നെന്മാറയിലുള്ളത്. സ്‌കൂൾ വിടുന്ന സമയത്താണ് കൂടുതലും ഗതാഗത കുരുക്കുണ്ടാകുന്നത്. ഈ സമയത്ത് കാൽനടയാത്ര പോലും ബുദ്ധിമുട്ടാണ്. നെന്മാറ ജംഗ്ഷൻ മുതൽ വല്ലങ്ങി ബൈപ്പാസ് വരെ കടന്നുകിട്ടാൻ വലിയ പ്രയാസമാണെന്ന് യാത്രക്കാർ പറയുന്നു.
പോത്തുണ്ടി - കനാൽ ബണ്ട് റോഡ് യാഥാർത്ഥ്യമായാൽ നിലവിലെ പ്രശ്നത്തിന് പരിഹാരമാകും. ജംഗഷനോട് ചേർന്നുള്ള പോത്തുണ്ടി ജലസേചന കനാൽ ബണ്ട് റോഡ് ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കിയാൽ വിദ്യാർത്ഥികൾക്കും ഇരുചക്ര വാഹനങ്ങൾക്കും ഇതിലൂടെ കടന്നുപോകാം. ഇതും ഗതാഗതക്കുരുക്കിന് താത്കാലിക പരിഹാരമാണ്. അയിനംപാടം മുതൽ നെന്മാറ ക്രിസ്തുരാജാ ദേവാലയത്തിനു പുറകിലൂടെ ബസ് സ്റ്റാന്റിന്റെ വശത്ത് വന്നുചേരുന്ന രണ്ടര കിലോമീറ്റർ ദൂരത്തിലുള്ള കനാലിൽ ഇപ്പോൾ മൺപാത മാത്രമാണുള്ളത്. മൺപാത ടാറിംഗ് നടത്തി ഗതാഗത കുരുക്കിന് പരിഹരിക്കാനുള്ള നടപടി ഉണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.