അഗളി: അട്ടപ്പാടിയിലെ ഗോത്രവിഭാഗത്തിലുള്ള യുവതീയുവാക്കളുടെ നൈപുണ്യവികസനവും ജീവനോപാധിയും ലക്ഷ്യമാക്കി പട്ടികവർഗ വകുപ്പും സെന്റർ ഫോർ മാനേജ്‌മെന്റും ചേർന്ന് നടപ്പിലാക്കുന്ന 'ഗോത്ര ജീവിക' പദ്ധതി യുടെ സംസ്ഥാന തല ഉദ്ഘാടനം കോട്ടത്തറയിൽവച്ച് മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്തു.

വിദഗ്ദ പരിശീലനത്തിലൂടെ തൊഴിലും വരുമാനവും മെച്ചപ്പെട്ട ജീവിത നിലവാരവും ഉറപ്പുവരുത്തുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. സ്വാശ്രയ സംഘങ്ങൾ രൂപീകരിച്ചാണ് പരിശീലനവും ഭാവി പ്രവർത്തനവും തയ്യാറാക്കിയത്. സംസ്ഥാനത്താകെ 47 സംഘങ്ങൾ രൂപീകരിച്ചു. 1170 യുവതീയുവാക്കൾ പരിശീലനം പൂർത്തിയാക്കി വരുന്നു. അട്ടപ്പാടിയിൽ അഗളി, പുതൂർ, ഷോളയൂർ പഞ്ചായത്തുകളിൽ ഓരോ സംഘവും കുറുമ്പ ആദിവാസി മേഖലയിൽ ഒരു സംഘവും രജിസ്റ്റർ ചെയ്തു.

17 സ്ത്രീകൾ ഉൾപ്പെടെ 157 പേർ സംഘാംഗങ്ങളുണ്ട്. കെട്ടിട നിർമ്മാണത്തിന്റെ വിവിധ ഭാഗങ്ങൾ ഇവർ തന്നെ ചെയ്യുന്നു. പ്ലംബിംഗ്, വയറിംഗ്, ആശാരിപ്പണി, പെയിന്റിംഗ് എന്നിവയും പരിശീലനത്തിന്റെ ഭാഗമാണ്. അട്ടപ്പാടിയിൽ വിവിധ പദ്ധതികളിലായി ആയിരക്കണക്കിന് വീടുകളാണ് ആദിവാസി മേഖലയിൽ നിർമ്മിക്കുന്നത്. ആദിവാസി സ്വയംസഹായ സംഘങ്ങൾ വീടു നിർമ്മാണം ഏറ്റെടുക്കുന്നതോടെ കരാറുകാരെ ഒഴിവാക്കാനാവും. നിർമ്മാണ ചെലവും കുറയും.
ഇ തോടൊപ്പം ഗോത്രബന്ധു പദ്ധതിയിൽ മെന്റർ ടീച്ചർമാരുടെ നിയമനവും നടത്തി. സർക്കാർ എയ്ഡഡ് സ്‌കൂളുകളിലായി 26 ടീച്ചർമാരെ നിയമിച്ചു. ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരാണ് എല്ലാവരും. വയനാട്ടിൽ ഈ പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. ആദിവാസി വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കു തടയുകയാണ് ലക്ഷ്യം. ഭാഷാ പ്രശ്‌നമാണ് കൊഴിഞ്ഞുപോക്കിന്റെ പ്രധാന കാരണം. പാഠ്യവിഷയങ്ങൾ സ്വന്തം ഭാഷയിൽ മനസിലാക്കാൻ കഴിയുന്നതോടെ പഠനത്തോട് കുട്ടികൾക്ക് കൂടുതൽ താല്പര്യമുണ്ടാകും. ഗോത്ര ജീവിക സംഘങ്ങളുടെ സംസ്ഥാന തല പ്രവർത്തനോദ്ഘാടനവും, അട്ടപ്പാടി ട്രൈബൽ ഡവലപ്പ്‌മെന്റ് പ്രോജക്ട് നടപ്പിലാക്കുന്ന എൽ പി ക്ലസ്സുകളിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് അവരുടെ സംസാരഭാഷയിൽ തന്നെ പാഠഭാഗങ്ങൾ വിശദീകരിച്ച് ഉരുതലത്തിൽ പ്രവർത്തനമാരംഭിക്കുന്ന ഗോത്ര ബന്ധു പദ്ധതിയുടെ ഉത്ഘാടനവും നടന്നു.. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി രേശൻ അദ്ധ്യക്ഷത വഹിച്ചു. പട്ടികവർഗ്ഗ വകുപ്പ് പ്ലാനിങ്ങ് അസി.ഡയറക്ടർ ജെ.ജോസഫൈൻ റിപ്പോർട്ട് അവതരിപ്പിച്ചു.