 ലൈഫ് മിഷൻ ഭവനപദ്ധതി ഗുണക്താക്കളും ദുരിതത്തിൽ

പാലക്കാട്: കൃഷിസ്ഥലത്ത് വീടുവെക്കുന്നതിനുള്ള അനുമതിക്കായി നൽകിയ 4000ത്തിലധികം കെ.എൽ.യു അപേക്ഷകൾ ജില്ലയിൽ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നു. റവന്യൂ രേഖകളിൽ നിലമെന്ന് രേഖപ്പെടുത്തിയിട്ടുള്ള ഇടങ്ങളിൽ വീട് പണിയുന്നതിനായുള്ള അപേക്ഷകളിലാണ് തീർപ്പ് വൈകുന്നത്. ലൈഫ് മിഷൻ പദ്ധതിയുടെ ആദ്യഘട്ടത്തിൽ വീടിന് അനുമതി ലഭിച്ച അപേക്ഷകളും ഇക്കൂട്ടത്തിലുണ്ട്. ജില്ലയിലെ 65 കൃഷിഭവൻ പരിധികളിൽനിന്നുള്ള അപേക്ഷകളും പരിഗണന കാത്തുകിടക്കുന്നുണ്ട്.

ആർ.ഡി.ഒ ചെയർമാനും ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ കൺവീനറുമായ സമിതിയാണ് ജില്ലാതലത്തിൽ കെ.എൽ.യു അപേക്ഷകൾ പരിഗണിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ്, കൃഷി ഓഫീസർ, വില്ലേജോഫീസർ, മൂന്ന് കർഷക പ്രതിനിധികൾ എന്നിവരുൾപ്പെട്ട പ്രദേശിക നിരീക്ഷണസമിതിയാണ് പ്രാഥമികാന്വേഷണം നടത്തി ഇതിന് ശുപാർശ ചെയ്യുക. അപേക്ഷകന് സ്വന്തമായി മറ്റ് താമസസൗകര്യമില്ലെന്ന് പൂർണമായി ഉറപ്പുവരുത്തേണ്ട ബാധ്യത ഈ സമിതിക്കുണ്ട്. പാളിച്ചകളുണ്ടായാൽ അതിന്റെ ഉത്തരവാദിത്വം സമിതിയുടെ ചുമതലവഹിക്കുന്ന ഉദ്യോഗസ്ഥർക്കായിരിക്കും. ഗ്രാമപഞ്ചായത്ത് മേഖലയിൽ പത്തും നഗരമേഖലയിൽ അഞ്ചും സെന്റ് സ്ഥലത്തിനും കെ.എൽ.യു നൽകുന്നതിനാണ് അനുമതിയുള്ളത്.

തീർപ്പ് വൈകുന്നത് ലൈഫ് മിഷൻ അടക്കമുള്ള വനപദ്ധതി ഗുണക്താക്കളെയും ദുരിതത്തിലാക്കിയിരിക്കുകയാണ്. ജില്ലയിൽ ഒന്നാംഘട്ട ലൈഫ് മിഷനിൽമാത്രം 123 അപേക്ഷകളുടെ തീർപ്പാണ് വൈകിയത്. സംസ്ഥാനത്ത് സ്ഥിതി ഗുരുതരമായതോടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ സർക്കാരിൽ നേരിട്ട് പരാതിയുമായെത്തി. ഇതോടെ ലൈഫ് മിഷൻ പദ്ധതിയുടെ നടത്തിപ്പിന് അപേക്ഷകളിൽ തീർപ്പുകൽപ്പിക്കുന്നതിന് ജില്ലാതല സമിതികൾ പ്രാധാന്യം നൽകണമെന്ന് നിർദേശിച്ച് രണ്ടാഴ്ചമുമ്പ് റവന്യൂ അഡീഷണൽ സെക്രട്ടറി പി.എച്ച്.കുര്യൻ ഉത്തരവിറക്കിയിരുന്നു.