ശ്രീകൃഷ്ണപുരം: നടത്തിപ്പിലെ അപകാത മൂലം ഷെഡിൻകുന്നിലെ ബാപ്പുജി ചിൽഡ്രൻസ് പാർക്കിലേക്ക് സന്ദർശകരെത്തുന്നില്ല. 2015ൽ അഞ്ചുകോടി ചെലവഴിച്ച് ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയാക്കിയ പാർക്കിൽ സന്ദർശകർക്കാവശ്യമായ സൗകര്യങ്ങൾ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. നിലവിൽ അവധിദിവസങ്ങളിൽ മാത്രമാണ് നാമമാത്രമായ ആളുകളെത്തുന്നത്.

പ്രായഭേദമില്ലാതെ 25 രൂപയാണ് പ്രവേശന ഫീസായി ഈടാക്കുന്നത്. കൂടതെ കുട്ടികൾക്കൊപ്പം വരുന്ന മുതിർന്നവർക്കും പ്രത്യേകം ഫീസും ഓരോ റൈഡിനും സാമന്യം നല്ല ചാർജ് ഈടാക്കുന്നുണ്ട്. ഇത് സന്ദർശകരുടെ വരവിന് ബാധിച്ചിട്ടുണ്ട്. പ്രധാനമായും കുട്ടികൾക്ക് കളിക്കാവുന്ന ഉപകരണങ്ങൾ പലതും നിശ്ചലമാണ്. 10 കളിയുപകരണങ്ങളിൽ മൂന്നെണ്ണം മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. പാർക്ക് ആരംഭിച്ചപ്പോൾ ഉള്ള ഉപകരണങ്ങളാണ് ഇപ്പോഴുമുള്ളത്. മൂന്ന് വർഷമായിട്ടും ഉപയോഗശൂന്യമായവ മാറ്റാൻപോലും അധികൃതർ തയ്യാറായിട്ടില്ല. മുതിർന്നവർക്ക് ഊഞ്ഞാൽ, വായനശാല, വിശ്രമകേന്ദ്രം,ഗാന്ധിപ്രതിമക്ക് ചുറ്റും ജലധാര എന്നിവയും നടപടിയാവാതെ കിടക്കുകയാണ്. പന്ത്രണ്ടുപേർ എത്തിയാൽ മാത്രമേ തിയ്യേറ്റർ പ്രവർത്തിക്കുയുള്ളു. മൾട്ടിപർപ്പസ് ഹാളും ഒഴിഞ്ഞുകിടക്കുകയാണ്. നിലവിൽ ടൂറിസം വകുപ്പിന്റെ ഉത്സവകാല പരിപാടികളിൽ മാത്രമായി ഒതുങ്ങുകയാണ് ഗാന്ധിജിയുടെ സ്മരണയ്ക്കായി നിർമ്മിച്ച പാർക്ക്. ഗാന്ധിജിയുടെ പത്തടി ഉയരത്തിലുള്ള പ്രതിമ പാർക്കിൽ നിർമ്മിച്ചിട്ടുണ്ട്.

പാർക്കിന്റെ നടത്തിപ്പ് ബാധ്യതയാണെന്ന സമീപനമാണ് ഡി.ടി.പി.സിക്ക്. ഇതോടെ മേൽനോട്ട ചുമതല ഗ്രാമപഞ്ചായത്തിന് കൈമാറാനുള്ള ശ്രമവും അണിയറയിൽ നടന്നുവരുന്നുണ്ട്.

പാർക്കിന്റെ പ്രവർത്തനം മെച്ചപ്പെടണമെങ്കിൽ പുതിയ ഉല്ലാസ ഉപകരണങ്ങൾ സ്ഥാപിക്കം. ഫീസുകളിൽ ഇളവുകൾ അനുവദിക്കണം. പരിശീലനം നേടിയ ജീവനക്കരെ സുതാര്യമായ രീതിയിൽ നിയമിക്കണം. ഉദ്യാനവൽക്കരണവും നടത്തണമെന്നാണ് സന്ദർശകരുടെ ആവശ്യം.

ചിത്രം : ശ്രീകൃഷ്ണപുരം ബാപ്പുജി ചിൽഡ്രൻസ് പാർക്ക്