പട്ടാമ്പി: പുതുതലമുറയ്ക്കായി ആറങ്ങോട്ടുകരയുടെ ചരിത്രം പുസ്തകമാക്കി ശ്രദ്ധേയമാകുകയാണ് യുവാക്കളുടെ ചരിത്രപഠന കൂട്ടായ്മ. കഴിഞ്ഞ ദിവസം നടന്ന കൊയ്ത്തുത്സവത്തിന് 'ആറങ്ങോട്ടുകര ചരിത്രം' നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമൻ കവി ദേശമംഗലം രാമകൃഷ്ണന് പുസ്തകം നൽകി പ്രകാശനം ചെയ്തു. കലാ പാഠശാലയാണ് പുസ്തകം പുറത്തിറക്കിയത്.
ചിത്രകാരൻ വി.ഗിരീഷിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് ആറങ്ങോട്ടുകരവാസികൾക്ക് തന്നെ അറിയാത്ത അവരുടെ ചരിത്രം സംസ്കാരം എന്നിവ പുസ്തക രൂപത്തിലാക്കിയത്. 2015 ഫെബ്രുവരിയിൽ 23 പേർ ചേർന്നാണ് ചരിത്രപഠന കൂട്ടായ്മ രൂപീകരിച്ചത്. തുടർന്ന് മാർച്ച് 8ന് ആറങ്ങോട്ടുകര ഡോട്ട് കോം എന്ന വെബ് സൈറ്റും ആരംഭിച്ചു.
കൂട്ടായ്മയുടെ ആദ്യ പ്രവർത്തനം എന്ന നിലയ്ക്ക് ആറങ്ങോട്ടുകരയ്ക്കടുത്തെ എഴുമങ്ങാട് ദേശത്ത് ജീവിച്ചിരുന്ന കെ.വി.എം എന്നറിയപ്പെടുന്ന കെ.വാസുദേവൻ മൂസത് എന്ന സാഹിത്യകാരനെ ജനങ്ങളിലേക്ക് എത്തിച്ചു. നൂറിലേറെ പുസ്തകങ്ങൾ രചിച്ച ഇദ്ദേഹത്തെ സ്വന്തം നാട്ടുകാർക്ക് പോലും അന്നുവരെ അറിയില്ലായിരുന്നു. കെ.വി.എമ്മിനെ വരച്ച് അതിന്റെ ചെറുവിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തിന്റെ നാട്ടിൽ ഗിരീഷ് ഒരു ചിത്രപ്രദർശനവും നടത്തിയിരുന്നു. ഇതിനിടെ കെ.വി.എമ്മിന്റെ മൂന്ന് പുസ്തകങ്ങളും പുനഃപ്രസിദ്ധീകരിക്കാനും കൂട്ടായ്മക്ക് കഴിഞ്ഞു. പിന്നീട്, ആറങ്ങോട്ടുകരയുടെ നാടക ചരിത്രവും, കൃഷി ചരിത്രവും ഉൾപ്പെടുത്തി ആ മേഖലകളിലെ പ്രമുഖ വ്യക്തികളെയും ഗിരീഷ് കാൻവാസിൽ പകർത്തി.
ഇങ്ങനെ മൂന്നര വർഷക്കാലം നാട്ടിലെ അടയാളപ്പെടുത്തേണ്ടതായ കലാകാരന്മാരേയും കൃഷിക്കാരേയും അടക്കം 200 ഓളംപേരെ ഇന്റർവ്യൂ ചെയ്തും അവരെ വരച്ചും ചരിത്ര പഠന കൂട്ടായ്മ മുന്നോട്ട് നീങ്ങി. ഇതോടൊപ്പം സഹകരിക്കാൻ കൈപ്പിള്ളി ദേവദാസ്, കെ.കെ.പരമേശ്വരൻ, വിനോദ് വയലി, എം.ആർ.സൂരജ്, അബ്ദുൾ ഗഫൂർ, വി.ഗണേഷ്, വി.ഗംഗേഷ്, എം. ഭാഗ്യനാഥ് എന്നിവരുമുണ്ടായിരുന്നു.
ഫോട്ടോ .ആ റങ്ങോട്ടുകരയുടെ ചരിത്രം എന്ന പുസ്തകത്തിന് പിന്നിൽ പ്രവർത്തിച്ചവരിൽ ചിലർ.ഇടത്ത് നിന്ന് വി.ഗംഗേഷ്, എം.ആർ.സൂരജ്, എഡിറ്റർ വി.ഗിരീഷ്, വിനോദ് വയലി, കെ.കെ.പരമേശ്വരൻ എന്നിവർ.