അഗളി: അട്ടപ്പാടിയിൽ വീണ്ടും മാവോയിസ്റ്റുകളുടെ പേരിൽ പോസ്റ്റർ. കഴിഞ്ഞദിവസം പുതൂർ എലച്ചിവഴിയിലെ മൂന്നിടത്തായാണ് അഞ്ച് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സി.പി.ഐ ഭവാനി ദളത്തിന്റെ പേരെഴുതിയ പോസ്റ്ററുകളിലെ ഉള്ളടക്കം ഫാസിസത്തെ എതിർക്കുക, മതേതര ജനാധിപത്യ വിശ്വാസികളും വിപ്ലവ ശക്തികളും ഒന്നിക്കുക, ബ്രാഹ്മണിക്കൽ ഹിന്ദു മതവാദ ധനമൂലധന ഫാസിസത്തെ എതിർക്കുക, വിദേശ മൂലധന ചൂഷണത്തെ തകർക്കുക, ദേശീയ സമ്പത്തിനെ സംരക്ഷിക്കുക, ഹിന്ദുമതവെറി ഫാസിസത്തെ നശിപ്പിക്കുക, മതേതരത്വത്തെ ശക്തിപ്പെടുത്തുക എന്നിവയായിരുന്നു. ബൈക്കിലെത്തിയ ആളുകളാണ് എലച്ചിവഴി റേഷൻ കടയിലും സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള പലചരക്കുകയടുടെയും ഹോട്ടലിന്റെയും ഭിത്തികളിലും പോസ്റ്ററുകൾ പതിച്ചതെന്ന് നാട്ടുകാർ പറയുന്നു. മാവോയിസ്റ്റുകളാണ് ഇതിന് പിന്നിലെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രാവിലെ കടയിലെത്തിയ ആളുകളാണ് പോസ്റ്ററുകൾ കണ്ടത്. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പോസ്റ്ററുകൾ നീക്കം ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.