ചെർപ്പുളശ്ശേരി: ഷൊർണൂരിലെ ഗ്യാസ് ഏജൻസി ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി മാണിക്യവാസനെ വെട്ടി പരിക്കേൽപ്പിച്ച് കൈവശമുണ്ടായിരുന്ന രണ്ടുലക്ഷം രൂപ മൂന്നംഗ സംഘം തട്ടിയെടുത്തെന്ന പരാതി വ്യാജമെന്ന നിഗമനത്തിൽ പൊലീസ്.

ഗ്യാസ് ഏജൻസിയിലെ കളക്ഷൻ ഉടമയെ ഏൽപ്പിക്കുന്നതിനായി ശനിയാഴ്ച രാത്രി 7 മണിക്ക് ചെർപ്പുളശ്ശേരിയിലേക്ക് വരുന്ന വഴി കയില്യാട് മാമ്പറ്റപ്പടിയിൽവച്ച് തന്റെ സ്‌കൂട്ടർ തടഞ്ഞുനിർത്തി മുഖം മൂടി ധരിച്ച മൂന്നംഗ സംഘം അക്രമിച്ചെന്നും ഇടതുകൈയിൽ വാൾകൊണ്ട് വെട്ടിയ ശേഷം രണ്ടുലക്ഷം രൂപയും തന്റെ സ്‌കൂട്ടറുമായി കടന്നു കളഞ്ഞെന്നുമായിരുന്നു മാണിക്യവാസൻ പൊലീസിൽ പരാതിപ്പെട്ടത്. എന്നാൽ, സ്‌കൂട്ടർ ഞായറാഴ്ച കയില്യാട് വേമ്പലത്തു പാടത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. 36500 രൂപയും സ്‌കൂട്ടറിൽ നിന്നു കണ്ടെത്തിയിരുന്നു. മാണിക്യവാസന്റെ കൈയിലെ മുറിവ് വെട്ടേറ്റുണ്ടായതല്ലെന്ന് ചികിത്സിച്ച ഡോക്ടറും പൊലീസിനെ അറിയിച്ചിട്ടുണ്ട്. പണം തട്ടിയെടുക്കാനാണെങ്കിൽ 36000 രൂപ സ്‌കൂട്ടറിൽ ഉപേക്ഷിച്ചതെന്തിനെന്നും പൊലീസ് സംശയിക്കുന്നു.
മാണിക്യവാസനെ ചോദ്യം ചെയ്തതിലും പരസ്പര വിരുദ്ധമായ മൊഴികളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. മാണിക്യവാസൻ തന്നെ സ്‌കൂട്ടർ വേമ്പലത്തു പാടത്തെ ഒഴിഞ്ഞ സ്ഥലത്ത് നിർത്തി പണം തട്ടാൻ കെട്ടിച്ചമച്ച കഥയാണ് ഇതെന്നാണ് പൊലീസ് വിലയിരുത്തുന്നത്. ഇതെല്ലാം അടിസ്ഥാനമാക്കിയാണ് പരാതി കെട്ടിച്ചമച്ചതാകാമെന്ന സംശയത്തിൽ പൊലീസ് എത്തിയിട്ടുള്ളത്. മാണിക്യവാസനെ പൊലീസ് കൂടുതൽ ചോദ്യംചെയ്ത് വരികയാണ്. ഇയാളുടെ ഫോൺ വിവരങ്ങൾ സൈബർ സെല്ലിൽ നിന്നും ശേഖരിച്ച ശേഷം അടുത്ത നടപടിയിലേക്ക് പൊകാനാണ് പൊലീസ് നീക്കം. ഷൊർണൂർ അഡീഷണൽ എസ്.ഐ.പത്മനാഭനാണ് അന്വേഷണം നടത്തുന്നത്.