പാലക്കാട്: ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളെക്കുറിച്ച് മാത്രമല്ല, കടമകളെക്കുറിച്ചും ഓരോ പൗരനും ബോധവാന്മാരാവണമെന്ന് ഗവർണർ പി.സദാശിവം പറഞ്ഞു. അകത്തേത്തറ ശബരി ആശ്രമത്തിൽ നടന്ന രക്തസാക്ഷ്യം - 2019 പരിപാടിയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.
ഒരു പൗരന്റെ കടമകളെക്കുറിച്ച്‌ ബോധമുണ്ടായാൽ പൊതുമുതലും പരിസ്ഥിതിയും പ്രകൃതിയും സംരക്ഷിക്കപ്പെടും. ഭരണഘടനയുടെ ആമുഖവും മൗലികാവകാശങ്ങളും അറിയുന്നവരാരും ഞാൻ ഗുജറാത്തിയാണ്, മലയാളിയാണ്, തമിഴനാണ് എന്ന് അവകാശപ്പെടില്ല, ഇന്ത്യക്കാരനാണെന്നേ പറയൂ എന്ന് ഗവർണർ പറഞ്ഞു. അതിനാൽ ഭരണഘടനയും ആമുഖവുംറോട്ടറി- ലയൺസ് ക്ലബുകളോട് മലയാളത്തിലും ഇംഗ്ലീഷിലും അച്ചടിച്ച് സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികളിലും എത്തിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിളിച്ചകേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റിയത് നവോത്ഥാന നായകരുടെ പരിശ്രമം മൂലമാണ്. ബ്രീട്ടീഷ് ഭരണത്തിൽ നിന്ന് മാത്രമല്ല ജാതി, മതം, ലിംഗം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിഭജന ശ്രമങ്ങളിൽ നിന്നുമുള്ള സ്വാതന്ത്യത്തിനാണ് ഗാന്ധിജി ശ്രമിച്ചത്. സംസ്‌ക്കാരമെന്നാൽ അഹിംസയും എല്ലാ മനസുകളുടെയും ഐക്യവുമാണ്. ഇത്തരത്തിലുള്ള ആശയങ്ങൾ ശക്തിപ്പെടുത്താൻ സാംസ്‌ക്കാരിക വകുപ്പ് നടത്തുന്ന പരിപാടികൾ അർത്ഥവത്താണെന്നും ഗവർണർ പറഞ്ഞു. ഗാന്ധിയൻ ചിന്തകൾ എല്ലാ ഇന്ത്യക്കാരുടെ മനസിലും മുഴങ്ങണമെന്നും ഗവർണർ പറഞ്ഞു.
സമാപനസമ്മേളനത്തിൽ മന്ത്രി എ.കെ.ബാലൻ അധ്യക്ഷനായി. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണിജോർജ്ജ്, എം.ബി.രാജേഷ് എം.പി, ഷാഫി പറമ്പിൽ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി, അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റ് ഡി.സദാശിവൻ, സംഘാടകസമിതി കൺവീനർ ടി.ആർ.അജയൻ എന്നിവർ പങ്കെടുത്തു.