ചിറ്റൂർ: കിഴക്കൻ മേഖലയിലെ അതിർത്തി ഗ്രാമങ്ങൾ പൊങ്കൽ ആഘോഷ ലഹരിയിലാണ്. ഇന്നലെ തുടങ്ങിയ ആഘോഷങ്ങൾ ഇന്നും നാളെയും ഉണ്ടാകും.

ഇന്നലെ തൈപൊങ്കൽ ദിനത്തിൽ പല നിറങ്ങളുള്ള പൗഡർ ഉപയോഗിച്ച് വീട്ടുമുറ്റത്ത് കോലംവരച്ച് അലങ്കരിച്ചിരുന്നു. അവരവരുടെ കൃഷിയിടത്തിൽ വിളയിച്ചെടുത്ത ധാന്യങ്ങളും കിഴങ്ങുവർഗങ്ങളും പൊങ്കൽ വയ്ക്കുന്നിടത്തുവച്ച് പൂജിച്ചു. സൂര്യഭഗവാനെയും ഇഷ്ടദൈവങ്ങളെയും പ്രാർത്ഥിച്ച് കോലങ്ങളുടെ മദ്ധ്യഭാഗത്ത് പുതിയ മൺപാത്രത്തിലാണ് പൊങ്കൽ വച്ചത്. തുടർന്നായിരുന്നു ആഘോഷം. വീട്ടിലുള്ളവർ പുതു വസ്ത്രം ധരിച്ചും പൊങ്കൽ ഉണ്ടാക്കിയും അത് അയൽവാസികൾക്ക് നൽകിയും നാടൊന്നിച്ച് സ്നേഹം പങ്കുവക്കുന്ന കാഴ്ച പൊങ്കൽ ഉത്സവനാളിൽ പതിവാണ്.
ഇന്നാണ് മാട്ടുപ്പൊങ്കൽ. കാലികൾക്കു വേണ്ടിയുള്ളതാണ് മാട്ടുപൊങ്കൽ. മാട്ടുപൊങ്കൽ നാളിൽ അവരവരുടെ വീടുകളിലെ കാലികളെ കുളിപ്പിച്ച് കൊമ്പുകളിൽ ചായം പൂശി നെറ്റിയിൽ പൊട്ടുതൊട്ട് അലങ്കരിച്ചു നിർത്തും. കാലിതൊഴുത്തിന് മുമ്പിൽ തെപ്പക്കുളം എന്ന പേരിൽ ചെറിയ ജലാശയം ഉണ്ടാക്കി കാലികളെ ഇതിനു കുറുകെ ചാടിക്കുന്നത് പ്രത്യേക ചടങ്ങാണ്. നാളെയാണ് പൂപ്പൊങ്കൽ, പൂപ്പൊങ്കൽ വീട്ടമ്മമാരുടെ മാത്രം ആഘോഷമാണ്. തമിഴ് കർഷകരിൽ കാർഷിക - സംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന ഈ വർഷത്തെ പൊങ്കൽ ആഘോഷം പൂപ്പൊങ്കലോടെ സമാപിക്കും.