കൊല്ലങ്കോട്: അനുമതി ലഭിച്ച് വർഷങ്ങളായിട്ടും കൊല്ലങ്കോട് ബൈപ്പാസ് നിർമ്മാണത്തിന്റെ പ്രാരംഭ നടപടികൾ പോലും ആരംഭിക്കാതെ അധികൃതർ. അനിശ്ചിതത്വം തുടരുന്നു. വീതികുറഞ്ഞ റോഡായതിനാൽ കൊല്ലങ്കോട് നഗരത്തിൽ പകൽ സമയങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ബൈപ്പാസ് യാഥാർത്ഥ്യമായാൽ മാത്രമേ ഇതിനൊരു പരിഹാരമാകു. പക്ഷേ, വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അനങ്ങാപ്പാറ നയമാണ് പദ്ധതിയുടെ തുടർപ്രവർത്തനം നിലയ്ക്കാൻ കാരണം.

ഗോവിന്ദാപുരം - മംഗലം പാതയിൽ ചിക്കണാംമ്പാറ മുതൽ വട്ടേക്കാട് വരെയുള്ള 4.32 കിലോമീറ്ററാണ് ബൈപ്പാസ് നിർമ്മിക്കുക. കഴിഞ്ഞ സർക്കാറിന്റെ കാലത്താണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. തുടർന്ന് സർവേ പൂർത്തിയാക്കിയെങ്കിലും തുടർ നടപടികളുണ്ടായില്ല. ബൈപ്പാസ് നിർമ്മാണത്തിനായി കൊല്ലങ്കോട് വില്ലേജ് ഒന്ന്, രണ്ട്, എലവഞ്ചേരി വില്ലേജുകളിലായി 14 .5209 ഹെക്ടർ കൃഷിഭൂമി നികത്തണം. സ്ഥലം ഏറ്റെടുക്കേണ്ട റവന്യൂ വകുപ്പാണ് പദ്ധതി വൈകിപ്പിക്കുന്നത്. കൃഷി വകുപ്പിൽ നിന്നും റവന്യൂ വകുപ്പ് സ്ഥലം ഏറ്റെടുക്കുന്നതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയെങ്കിലും ഉടമകൾക്ക് വില നിശ്ചയിച്ച് നൽകിയിട്ടില്ല. ജില്ലാ ഭരണകൂടത്തിനും ഇതിൽ താത്പര്യമില്ല.

ചന്തപ്പുര, കൊല്ലങ്കോട് ടൗൺ, പി,കെ,വില്ലേജ്, ഇരഞ്ഞി മന്ദം, പൊന്നൂട്ട്പാറ, കോവിലകംമൊക്ക് എന്നിവിടങ്ങളിൽ റോഡിന് വീതി കുറവായതിനാൽ ഗതാഗതക്കുരുക്ക് പതിവാണ്. ചരക്ക് വാഹനങ്ങളും, ചെറുതും വലുതുമായ വാഹനങ്ങളും യഥേഷ്ടം കടന്നുപോകുന്നതിനാൽ കൊല്ലങ്കോട് ടൗൺ കടന്നു കിട്ടാൻ ഏറെനേരമെടുക്കുന്നുണ്ടെന്ന് സ്വകാര്യ ബസ് ഡ്രൈവർമാർ പറയുന്നു. നിലവിൽ വീതികുറഞ്ഞ സ്ഥലങ്ങളിൽ പരമാവതി വീതി വർദ്ധിപ്പിച്ച് അന്തർ സംസ്ഥാന പാത വികസന പദ്ധതി നടപ്പിലാക്കാനുള്ള സർവേ നടപടികൾ സമാന്തരമായി പൂർത്തിയാക്കിയതായാണ് ലഭിക്കുന്ന സൂചന. ഗതാഗത കുരുക്കിന് പരിഹാരമാവണമെങ്കിൽ ഇതിലേതെങ്കിലും ഒരു പദ്ധതി ഉടനെ പൂർത്തിയാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.