ഒറ്റപ്പാലം: മീറ്റ്‌ന സമഗ്ര കുടിവെള്ള പദ്ധതിയിലെ ചോർച്ച പരിഹരിക്കാൻ നടപടി തുടങ്ങി. ഭാരതപ്പുഴയിലുള്ള തടയണയിലെ ഷട്ടറുകൾക്കിടയിൽ മണൽചാക്കുകൾ നിറച്ചും ദ്രവിച്ച ഷട്ടറുകൾ മാറ്റിയുമാണ് ജല അതോറിട്ടി ചോർച്ച അടയ്ക്കുന്നത്. വെള്ളം പാഴാകാതെ സംഭരിച്ചുനിർത്താൻ വേണ്ടി കരാറുകാരെ നിയമിച്ചാണ് പ്രവർത്തികൾ നടത്തുന്നത്. ഒരാഴ്ചക്കകം പണിപൂർത്തിയാക്കാനാണ് നിർദ്ദേശം.

ഷട്ടറുകളെ ഉറപ്പിച്ചുനിർത്തുന്ന മണ്ണ് ഒലിച്ചുപോയതും കാലപ്പഴക്കമുള്ള ഷട്ടറുകളുടെ അടിഭാഗം ദ്രവിച്ചതുമാണ് ചോർച്ചക്കിടയാക്കിയത്. ആകെ 21 ഷട്ടറുകളാണ് മീറ്റ്‌ന തടയണയിലുള്ളത്. ഇതിൽ അഞ്ചെണ്ണത്തിൽ ചോർച്ചയുണ്ട്. വേനലിൽ കുടിവെള്ളക്ഷാമം രൂക്ഷമാകാതിരിക്കാൻ ചോർച്ചയുള്ള ഷട്ടറുകൾക്കൊപ്പം തകരാറുള്ള മറ്റ് ഷട്ടറുകളും മാറ്റാനാണ് ജല അതോറിട്ടിയുടെ ശ്രമം. ചോർച്ചയടക്കാൻ ഏകദേശം 2000 ചാക്ക് മണലാണ് ആവശ്യമുള്ളത്. ഷട്ടറുകളുടെ നടുവിൽ ചാക്കുകളിലാക്കി മണൽ നിറച്ചാണ് ചോർച്ച അടക്കുന്നത്. മായന്നൂർ ഭാഗങ്ങളിലുള്ള ഷട്ടറുകൾക്കിടയിൽ മണൽചാക്ക് നിറച്ചുകഴിഞ്ഞു.

13 ദശലക്ഷം വെള്ളം പമ്പ് ചെയ്യാൻ കഴിയുന്ന പ്ലാന്റാണ് മീറ്റ്‌നയിലേത്. നഗരസഭ പരിധിയിൽ 7000 ഉപഭോക്താക്കൾക്ക് ഏഴ് ദശലക്ഷം ലിറ്റർ വെള്ളമാണ് വിതരണം ചെയ്യുന്നത്. ദിവസങ്ങൾക്കകം അമ്പലപ്പാറ പഞ്ചായത്തിലേക്കും ആറുദശലക്ഷം ലിറ്റർ വെള്ളം വിതരണം ചെയ്ത് തുടങ്ങും.

ഇതിനിടെ മീറ്റ്‌ന തടയണയിലെ ചോർച്ചയടയ്ക്കാനായി ജല അതോറിട്ടി തയ്യാറാക്കിയ മണൽ ചാക്കുകൾ മോഷ്ടിച്ചതായും പരാതിയുണ്ട്. പുഴയ്ക്ക് അക്കരെ മായന്നൂർ കടവിൽ ഇറക്കിയ 180 മണൽചാക്കുകളാണ് മോഷ്ടിച്ചതെന്ന് കൗൺസിലർ ജോസ് തോമസ് പറഞ്ഞു. ഇതോടെ കഴിഞ്ഞദിവസം രാത്രി തൊഴിലാളികൾ മണൽചാക്കുകൾക്ക് കാവൽ കിടക്കേണ്ടിവന്നതായും അദ്ദേഹം പറഞ്ഞു.