പാലക്കാട്: സമാന ചിന്താഗതിയുള്ള രാഷ്ട്രീയ പാർട്ടികൾ ഒന്നായി തീരണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. രാജ്യത്ത് രാഷ്ട്രീയ പാർട്ടികളുടെ എണ്ണം കൂടിവരികയാണ് എന്നാൽ, ഓരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന രാഷ്ട്രീയകക്ഷികൾ ഒന്നാകുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് സി.എം.പി ജില്ലാഘടകം ഒന്നടങ്കം സി.പി.ഐയിൽ ലയിക്കുന്നതിന്റെ ഭാഗമായി നടന്ന ലയന സമ്മേളനം താരേക്കാട് ഫൈൻ ആർട്‌സ് സൊസൈറ്റി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തിൽ എൽ.ഡി.എഫിനെ രാഷ്ട്രീയമായി ഒറ്റപ്പെടുത്താനുള്ള നീക്കം വിജയിച്ചില്ല. ശരിയുടെ പക്ഷത്താണ് എൽ.ഡി.എഫ് എന്നത് ജനം തിരിച്ചറിഞ്ഞതാണ് ഇതിന് കാരണം. പൊതുവിദ്യാഭ്യാസം ആർ.എസ്.എസിന്റെ നിയന്ത്രണത്തിലാക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. ജെ.എൻ.യു നേതാവ് കനയ്യ കുമാറിനെതിരെ രാജ്യദ്രോഹം കുറ്റം ചുമത്താനുള്ള നീക്കം ഇതിന്റെ ഭാഗമാണ്. വരുന്ന തിരഞ്ഞെടുപ്പാണ് മോദിയെ ഇപ്പോൾ ഭയപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സി.എം.പി ജില്ലാ സെക്രട്ടറി മുരളി.കെ താരേക്കാട് അധ്യക്ഷത വഹിച്ചു. സി.പി.ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം കെ.ഇ.ഇസ്മയിൽ, ദേശീയ കൗൺസിൽ അംഗം കെ.പി.രാജേന്ദ്രൻ, സംസ്ഥാന എക്‌സി. അംഗം വി.ചാമുണ്ണി, ജില്ലാ സെക്രട്ടറി കെ.പി.സുരേഷ്‌രാജ് എന്നിവർ സംസാരിച്ചു. സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി കെ.കൃഷ്ണൻകുട്ടി സ്വാഗതവും മണ്ഡലം സെക്രട്ടറി കെ.വേലു നന്ദിയും പറഞ്ഞു.