pongal
പൊങ്കൽ ആഘോഷത്തോടനുബന്ധിച്ച് അതിർത്തി പ്രദേശത്തെ തമിഴ് കുടുംബം വീട്ടുമുറ്റത്ത് ഒരുക്കിയ വർണ്ണകോലം.

ചിറ്റൂർ: മൂന്നു ദിവസങ്ങളായി കിഴക്കൻ മേഖലയിലെ അതിർത്തി ഗ്രാമങ്ങളിൽ ആഘോഷിച്ചു വന്ന പൊങ്കൽ ഉത്സവത്തിന് ഇന്ന് സമാപനം. തമിഴ് ജനത അവരുടെ കാർഷിക സംസ്‌കൃതിയുടെ ഭാഗമായി തുടർന്നുവരുന്ന പൊങ്കൽ ഉത്സവത്തിന്റെ ആദ്യദിനമായ 15ന് തൈ പൊങ്കലോടെയായിരുന്നു തുടക്കം.

വീടുകൾ പെയിന്റടിച്ച് വൃത്തിയാക്കിയും മുറ്റങ്ങളിൽ വർണ്ണക്കോലങ്ങളിട്ട് അലങ്കരിച്ച് പുതുവസ്ത്രമണിഞ്ഞും കോലങ്ങൾക്ക് ഇരുവശത്തും നടുവിലുമായി പുതിയ മൺചട്ടിയിൽ പൊങ്കൽ വച്ചായിരുന്നു ആഘോഷത്തിന്റെ ആദ്യദിനം.

മാട്ടുപൊങ്കൽ ഇന്നലെയായിരുന്നു. കർഷക വീടുകളിലുള്ള കാലികളെ പൂജിക്കുന്ന ചടങ്ങാണിത്. മാട്ടുപൊങ്കൽ ദിവസം കാലികളെ കുളിപ്പിച്ച് കൊമ്പുകളിൽ ചായം തേച്ച്, നെറ്റിയിൽ പൊട്ടുതൊട്ട്, കഴുത്തിൽ പൂമാലയണിച്ച് പൂജിക്കുന്ന ചടങ്ങാണിത്. ഇന്നത്തെ പൂപൊങ്കൽ എന്ന ചടങ്ങോടെ ഈ വർഷത്തെ പൊങ്കൽ ആഘോഷത്തിന് സമാപനമാകും.

പെൺകുട്ടികൾ മാത്രമായി ആചരിക്കുന്ന ചടങ്ങാണ് പൂപൊങ്കൽ. പെൺകുട്ടികൾ മാത്രമായി സ്റ്റീൽ പാത്രങ്ങളിൽ പൊങ്കൽ വയ്ക്കും. പൊങ്കൽ വയ്ക്കാനുള്ള സ്റ്റീൽ പാത്രങ്ങൾ അമ്മാവന്മാർ വാങ്ങി നൽകണമെന്നാണ് ആചാരം. പൊങ്കൽ ആചരിക്കുന്ന മാസം ഒന്നാം തീയ്യതി മുതൽ ഓരോ ദിവസവും ചാണകം കൊണ്ട് പിള്ളയാർ ഉണ്ടാക്കി വീടിന് മൂലയിൽ നിക്ഷേപിച്ച് വയ്ക്കുന്ന ചടങ്ങുണ്ട്.

ഇങ്ങനെ ഒരു മാസം ഉണ്ടാക്കി വച്ച പിള്ളയാറുകളും വീട്ടിൽ ഉണ്ടാക്കിയ മധുര പലഹാരങ്ങളുമെടുത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പൂപറിക്കാനെന്ന പേരിൽ തൊട്ടടുത്ത പുഴക്കരയിലൊ മറ്റ് ജലശയത്തിനടുത്തൊ ചെല്ലുന്നു. കൊണ്ടപോയ പിള്ളയാറും പലഹാരങ്ങളും പുഴക്കരയിൽ വച്ച് പെൺകുട്ടികൾ അതിന് ചുറ്റും കുമ്മിയടിച്ച് പാട്ടുപാടി നൃത്തം വയ്ക്കും. അതിന് ശേഷം പിള്ളയാറുകളെ പുഴയിൽ നിക്ഷേപിച്ച് തിരിച്ചുപോരും. ഇതോടെ ഈ വർഷത്തെ പൊങ്കൽ ആഘോഷത്തിന് സമാപനമാകും.

പൊങ്കൽ ആഘോഷത്തോടനുബന്ധിച്ച് അതിർത്തി പ്രദേശത്തെ തമിഴ് കുടുംബം വീട്ടുമുറ്റത്തൊരുക്കിയ വർണ്ണക്കോലം