പാലക്കാട്: അച്ഛനും അമ്മയും നഷ്ടപ്പെട്ട അഖിലക്ക് സുരക്ഷിത ഭവനമൊരുക്കി ലൈഫ് മിഷൻ. ഒലൈഫ് മിഷന്റെ പ്രത്യേക അനുമതിയോടെ പൂർത്തീകരിച്ച വീടിന്റെ താക്കോൽ ദാനം പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി.ബിന്ദു നിർവഹിച്ചു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് - പിരായിരി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ പഞ്ചായത്തിലെ 17-ാം വാർഡിലാണ് വീട് നിർമ്മിച്ചത്.
അഖിലയുടെ അച്ഛൻ കുട്ടൻ ഒരുവർഷം മുമ്പാണ് കാൻസർ രോഗം ബാധിച്ച് മരിച്ചത്. അധികം വൈകാതെ അമ്മ ലതയും വിടപറഞ്ഞു. ചികിത്സയ്ക്കായി ധാരാളം പണം ചെലവായതിനാൽ സ്വന്തമായൊരു വീട് സാക്ഷാത്ക്കരിക്കാൻ ഇവർക്കായില്ല. തകർന്നുവീണ വീട്ടിൽ താമസിക്കാൻ കഴിയാത്തതിനാൽ അഖില ബന്ധുക്കളോടൊപ്പമാണ് താമസിച്ചുവന്നത്.
2014-15 സാമ്പത്തിക വർഷത്തിൽ ഇന്ദിരാഗാന്ധി ഭവന നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി പിരായിരി പഞ്ചായത്തിൽ വീടിനായി അപേക്ഷിച്ച ലതയ്ക്കും കുട്ടനും അസുഖം കൂടിയതിനെ തുടർന്ന് വീട് നിർമിക്കാൻ കഴിഞ്ഞില്ല. ഭവനനിർമാണ പദ്ധതികളിൽ ഉൾപ്പെട്ടിട്ടും പൂർത്തിയാവാത്ത വീടുകളുടെ നിർമ്മാണമെന്ന ലൈഫ് മിഷന്റെ ഒന്നാംഘട്ട ലക്ഷ്യത്തിലുൾപ്പെടുത്തിയാണ് വീട് നിർമ്മിച്ച് നൽകിയത്. കൂടാതെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട്ടിൽ കിണർ നിർമ്മിച്ചു നൽകാനും തീരുമാനമായതായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി.ബിന്ദു പറഞ്ഞു.
കല്ലേക്കാട് ചൈത്ര നഗറിലെ വീട്ടിൽ നടന്ന താക്കോൽദാന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത വൈസ് പ്രസിഡന്റ് കെ.സി.കിഷോർ കുമാർ, പിരായിരി പഞ്ചായത്ത് പ്രസിഡന്റ് കല്യാണി, ബ്ലോക്ക് അംഗം സാദിഖ് പാഷ, പഞ്ചായത്ത് വാർഡ് മെമ്പർ ശാന്ത സുകുമാരൻ, പാലക്കാട് ബ്ലോക്ക് സെക്രട്ടറി ജി.വരുൺ, ലൈഫ് മിഷൻ ജില്ലാ കോഡിനേറ്റർ അനീഷ് ജെ അലക്കപ്പള്ളി എന്നിവർ പങ്കെടുത്തു.
ഫോട്ടോ (1): അഖിലക്ക് ലൈഫ് മിഷന്റെ പ്രത്യേക അനുമതിയോടെ പൂർത്തീകരിച്ച വീടിന്റെ താക്കോൽ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി.ബിന്ദു കൈമാറുന്നു