ആലത്തൂർ: പ്രശസ്ത സംഗീത സംവിധായകൻ എസ്.ബാലകൃഷ്ണൻ (69) ചെന്നൈയിൽ നിര്യാതനായി. ഒരു വർഷമായി അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. റാംജി റാവു സ്പീക്കിംഗ്, ഇൻ ഹരിഹർ നഗർ, വിയറ്റ്‌നാം കോളനി, ഗോഡ് ഫാദർ, കിലുക്കാംപെട്ടി, മഴവിൽകൂടാരം തുടങ്ങിയവയാണ് ബാലകൃഷ്ണൻ ഗാനങ്ങൾ ഒരുക്കിയ ചിത്രങ്ങൾ.
പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിയായ ബാലകൃഷ്ണൻ പഠന ശേഷമാണ് സിനിമയിൽ അവസരം തേടി ചെന്നൈയിലേക്ക് മാറിയത്. ലണ്ടൻ ട്രിനിറ്റി കോളേജിൽ നിന്ന് വെസ്റ്റേൺ ഗിറ്റാറിൽ മികച്ച വിദ്യാർത്ഥിക്കുള്ള അവാർഡ് നേടിയിരുന്നു. ഗുണ സിങ്, രാജൻ നാഗേന്ദ്ര എന്നിവരുടെ സഹായിയായിട്ടാണ് തുടക്കം. ഇളയരാജയുടെ സംഗീത സംവിധാനത്തിൽ വെസ്റ്റേൺ ഗിറ്റാർ വായിച്ചിട്ടുണ്ട്. ചെന്നൈയിൽ എ.ആർ.റഹ്മാൻ മ്യൂസിക് കോളേജിൽ അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചിരുന്നു. ഫാസിലിന്റെ ശുപാർശ പ്രകാരമാണ് സിദ്ധിഖ് ലാലിന്റെ ചിത്രത്തിൽ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്.
ഭാര്യ: രാജലക്ഷ്മി. മക്കൾ: ശ്രീവത്സൻ, വിമൽ ശങ്കർ.