കൊപ്പം: പാലക്കാട് - മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പാലോളികുളമ്പ് - വളപുരം പാലം ഇന്ന് വൈകീട്ട് മൂന്നിന് മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് മുഹസിൻ എം.എൽ.എ അധ്യക്ഷത വഹിക്കും.

പ്രദേശവാസികളുടെ ദീർഘനാളത്തെ ആവശ്യമാണ് ഇന്ന് പൂവണിയുന്നത്. മഴക്കാലത്ത് കുത്തിയൊലിച്ചൊഴുകുന്ന കുന്തിപ്പുഴയിലൂടെയുള്ള തോണിയാത്ര ഇനി ഓർമ്മയാകും. കുരുന്ന് വിദ്യാർത്ഥികൾ ഉൾപ്പെടയുള്ളവരുടെ ജീവനും കൈയിൽപ്പിടിച്ചുള്ള തോണിയാത്ര ഒഴിവാക്കാനാണ് ജില്ലാ പഞ്ചായത്ത് മുൻ ഭരണസമിതി ഇവിടെ തൂക്കു പാലം നിർമിക്കാൻ മുൻകൈയെടുത്തത്. ആ സമയം സ്ഥിരംപാലമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത് എത്തുകയായിരുന്നു. മുൻ എം.എൽ.എയായിരുന്ന സി.പി.മുഹമ്മദ് വിഷയത്തിൽ ഇടപെടുകയും കഴിഞ്ഞ സർക്കാർ 14കോടി രൂപ പാലം നിർമ്മാണത്തിനായി വകയിരുത്തുകയും ചെയ്തു. പിന്നീട് 2016 ഫെബ്രുവരി 28ന് ശിലാസ്ഥാപനം നടത്തി. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തുടർ നടപടികൾ മുടങ്ങി. പിന്നീടുവന്ന ഇടതു സർക്കാറിൽ മുഹമ്മദ് മുഹസിൻ എം.എൽ.എ നടത്തിയ പരിശ്രമത്തിന്റെ ഫലമായി 2017 ജനുവരിയിൽ മന്ത്രി എ.കെ.ബാലനാണ് പാലത്തിന്റെ നിർമാണോദ്ഘാടനം നടത്തിയത്.

ആറ് തൂണുകളും ഏഴു സ്പാനുകളുമുള്ള പാലത്തിന് 157 മീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ട്. പാലത്തിന്റെ ഇരുവശത്തും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും നിർമ്മിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലിൽ പാലം പണി പൂർത്തിയായെങ്കിലും ഇരുതീരങ്ങളിലുമുള്ള അപ്രോച്ച്‌ റോഡിന് സ്ഥലംവിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഉദ്ഘാടനം വൈകാൻ കാരണം. വിളയൂർ പഞ്ചായത്തിൽ ഇതോടെ മൂന്നുപാലങ്ങളായി. പുലാമന്തോൾ പാലവും എടപ്പലം പാലവുമാണ് പഞ്ചായത്തിന് മലപ്പുറം ജില്ലയുമായി ബന്ധിപ്പിക്കുന്ന മറ്റുരണ്ടു പാലങ്ങൾ.

പാലോളികുളമ്പ് - വളപുരം പാലം