ഒറ്റപ്പാലം: പി.എം.എ.വൈ പദ്ധതിയിൽ പുതിയ 544 വീടുകൾക്ക് കൂടി അനുമതി. നാലാം പദ്ധതിരേഖപ്രകാരമാണ് വീടുനൽകാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചത്. നിർമ്മാണത്തിന് ആവശ്യമാകുന്ന തുക വായ്പ വഴി കണ്ടെത്താനും തീരുമാനമായി. സാങ്കേതിക തടസങ്ങൾ ചൂണ്ടിക്കാണിച്ച് 72 പേരുടെ അപേക്ഷകൾ നിരസിച്ചു. നഗരസഭയിൽ ആദ്യഘട്ടത്തിൽ 777 വീടുകൾക്ക് അംഗീകാരം നൽകിയിരുന്നു.

ജൈവ മാലിന്യങ്ങൾ നഗരസഭ നേരിട്ട് ശേഖരിക്കില്ല എന്ന കൗൺസിൽ തീരുമാനം അട്ടിമറിക്കുന്നതായി യു.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചു. ഒക്ടോബർ മുതൽ ജൈവമാലിന്യങ്ങൾ സ്വീകരിക്കുന്നത് നഗരസഭ നിർത്തിയിരുന്നു. അജൈവ മാലിന്യങ്ങൾ ഹരിതകർമ്മസേന മുഖാന്തരം മാസത്തിൽ രണ്ടുതവണയായി സ്വീകരിക്കാനും ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്‌കരിക്കാനുമായിരുന്നു തീരുമാനം. എന്നാൽ, ഈ തീരുമാനം നടപ്പാക്കിയിട്ടില്ല. നഗരത്തിൽ മാലിന്യമിടൽ നിരോധിച്ചിടത്തെല്ലാം വീണ്ടും മാലിന്യം കുന്നുകൂടുകയാണ്. പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് നിരോധിച്ചിട്ടും മാലിന്യം കുന്നുകൂടുന്നതിൽ നഗരസഭ നടപടിയൊന്നുമെടുക്കുന്നില്ലെന്നും വിമർശനമുണ്ടായി. കാമറകൾ സ്ഥാപിക്കുന്ന പദ്ധതിയും എങ്ങുമെത്തിയിട്ടില്ല. ഹരിത കർമ്മസേനാംഗങ്ങൾക്ക് ശമ്പളം കൊടുക്കുന്നതിലും വീഴ്ചയുണ്ടെന്നും യു.ഡി.എഫ് വാദിച്ചു.

ആരോഗ്യവിഭാഗത്തിൽ ജീവനക്കാർ കുറവുള്ളത് പ്രവർത്തനങ്ങളെ ബാധിക്കുന്നതായും ഉടൻ നിയമനം നടത്തണമെന്നും സ്ഥിരംസമിതി അധ്യക്ഷൻ ആവശ്യപ്പെട്ടു. രാത്രികാല പരിശോധന സ്‌ക്വാഡുകൾ സജീവമാക്കുമെന്നും കാമറ സ്ഥാപിക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും നഗരസഭാധ്യക്ഷൻ എൻ.എം നാരായണൻ നമ്പൂതിരി മറുപടി നൽകി. ഹരിതകർമ്മ സേനാംഗങ്ങൾക്കുള്ള വേതനം ഒരാഴ്ചക്കകം വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.