പറക്കുളം: ഗവ. മോഡൽ റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്‌കൂളിൽ രക്ഷിതാക്കൾക്കായി വിശ്രമമുറി ഒരുങ്ങുന്നു. നിർമ്മാണം അന്തിമഘട്ടത്തിൽ. പൊന്നാനി എം.പി ഇ.ടി.മുഹമ്മദ് ബഷീറിന്റെ എസ്.സി ഫണ്ടിൽ നിന്നും 45 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിർമ്മിക്കുന്നത്.

സ്‌കൂളിലെ ഹോസ്റ്റലിന് മുൻവശത്താണ് വിശ്രമ മുറി നിർമ്മിക്കുന്നത്. താമസിക്കാനുള്ള സൗകര്യവും ശുചിമുറികളും മുകളിൽ രണ്ട് സ്മാർട് ക്ലാസ് റൂമുകൾ എന്നവ അടങ്ങുന്നതാണ് കെട്ടിടം. കൂടാതെ പത്രങ്ങളും ആനുകാലികങ്ങളും മറ്റ് പുസ്തകങ്ങളും വായിക്കാനുള്ള സൗകര്യങ്ങളും മുറിയിലുണ്ടാകും. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള മുന്നൂറിലേറെ വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഇവരെ കാണാനെത്തുന്ന രക്ഷിതാക്കൾക്ക് ഇരിക്കാൻ പോലും സ്ഥലമില്ലെന്ന പരാതി പരിഗണിച്ചാണ് അടിയന്തരമായി കെട്ടിടം പണിയുന്നത്. ഇവിടെയെത്തുന്ന രക്ഷിതാക്കളിൽ പലരും മരത്തണലിലും മറ്റുമാണ് വിശ്രമിക്കുന്നത്. ഇതിന് പുറമെ ദൂരസ്ഥലത്ത് നിന്ന് വരുന്നവർക്ക് പലപ്പോഴും വാഹനങ്ങളുടെ കുറവ് മൂലം തിരിച്ചുപോകാൻ കഴിയാത്ത സാഹചര്യവുമുണ്ട്. ഇതിനെല്ലാം പരിഹാരമായാണ് വിശ്രമ മുറിയൊരുക്കാൻ സ്കൂൾ അധികൃതർ തയ്യാറായത്.