ഷൊർണൂർ: ഭാരതപ്പുഴയിലെ സ്ഥിരം തടയണയിൽ വെള്ളം സമൃദ്ധമായിട്ടും ഷൊർണൂർ നഗരസഭാ മേഖലയിൽ നാല് ദിവസത്തിൽ ഒരിക്കലുള്ള കുടിവെള്ള വിതരണത്തിന് പരിഹാരമാകുന്നു. വാട്ടർ അതോറിട്ടിയുടെ പുഴയുടെ കരയിലുള്ള പമ്പ് ഹൗസിൽ പുതിയ രണ്ടു 150 എച്ച്.പി മോട്ടോറുകൾ സ്ഥാപിക്കുന്നതോടെ രണ്ടു ദിവസത്തിലൊരിക്കൽ കുടിവെള്ളം വിതരണം ചെയ്യാനാകും.

സ്ഥിരം തടയണയും ശുചീകരണ പ്ലാന്റും ഉൾപ്പെടുന്ന 35 കോടിയുടെ ഷൊർണൂർ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ മോട്ടോറുകൾ സ്ഥാപിക്കുന്നത്. പ്ലാന്റിന്റെ നിർമ്മാണം വാട്ടർ അതോറിട്ടി ഓഫീസ് കോമ്പൗണ്ടിൽ അന്തിമഘട്ടത്തിലാണ്. കുടിവെള്ള വിതരണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതേ തുടർന്നാണ് മോട്ടറുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. അടുത്തയാഴ്ച പമ്പ് ഹൗസിൽ പുതിയ മോട്ടോറുകൾ സ്ഥാപിക്കും. ഈ മോട്ടോറുകൾക്കാവശ്യമായ വൈദ്യുതിക്ക് പുതിയ ട്രാൻസ്‌ഫോമറും സ്ഥാപിക്കും.

നിലവിൽ പമ്പ് ഹൗസിൽ 110 എച്ച്.പി.യുടെ മൂന്ന് മോട്ടോറുകളാണുള്ളത്. ഇതിൽ രണ്ടു മോട്ടോറുകൾ ഒരേ സമയം പ്രവർത്തിപ്പിച്ചാലേ വാട്ടർ അതോറിട്ടി ഓഫീസിനോടു ചേർന്നുള്ള സംഭരണികൾ നിറക്കാനാകൂ. മൂന്നാമത്തെ മോട്ടോർ രണ്ടിലൊന്നിന് തകരാറുണ്ടായാൽ ഉപയോഗിക്കാനുള്ളതാണ്. 20 വർഷം പഴക്കമുണ്ട് മോട്ടോറുകൾക്ക്. പ്രവർത്തന ക്ഷമതയാണ് കുടിവെള്ള വിതരണത്തെ ബാധിക്കുന്നത്. നേരത്തെ ഒന്നിടവിട്ട ദിവസങ്ങളിലും വേനൽക്കാലമാകുന്നതോടെ പുഴയിലെ ജല ലഭ്യതയനസരിച്ച് രണ്ടിടവിട്ട ദിവസങ്ങളിലും, മൂന്നിടവിട്ട ദിവസങ്ങളിലുമൊക്കെയായിരുന്നു ജലവിതരണം. അതാണിപ്പോൾ നാലുദിവസത്തിലൊരിക്കൾ ആയത്.

കാലപ്പഴക്കം കാരണം ഒരു മോട്ടോറും സ്ഥിരമായി പ്രവർത്തിപ്പിക്കാനാകുന്നില്ല. മൂന്നു മോട്ടോറുകളും ഇടവിട്ട് പ്രവർത്തിപ്പിച്ചാണ് ഇപ്പോൾ ജലസംഭരണി നിറക്കുന്നത്. രണ്ടു ദിവസം കൂടുമ്പോഴേ ജലസംഭരണി നിറക്കാനാകുന്നുള്ളു. ഇങ്ങനെ വരുമ്പോൾ നാല് ദിവസത്തിലൊരിക്കലേ കുടിവെള്ള വിതരണം നടത്താനാകൂ. നഗരസഭാ പ്രദേശങ്ങളെ രണ്ടു മേഖലയായി തിരിച്ചാണ് ഈ രീതിയിൽ ജലവിതരണം നടക്കുന്നത്. ജല ശുദ്ധീകരണ ശാലയുടെ നിർമ്മാണം പൂർത്തിയായാൽ ഇതിനൊരു പരിഹാരമാവും എന്നാണ് പ്രതീക്ഷ.

നിലവിൽ പുഴയിൽ നിന്ന് നേരിട്ട് ജലസംഭരണിയിലെത്തുന്ന വെള്ളം ക്ലോറിനേഷൻ നടത്തിയാണ് വിതരണം നടത്തുന്നത്. പുതിയ പദ്ധതി കമ്മിഷൻ ചെയ്താൽ പുഴയിൽ നിന്ന് നേരിട്ട് വെള്ളമെത്തുന്നത് ശുദ്ധീകരണ പ്ലാന്റിലേക്കാണ്. ഘട്ടങ്ങളായുള്ള ശുദ്ധീകരണ പ്രക്രിയക്ക് ശേഷം മാത്രമേ വിതരണത്തിനായി സംഭരണിയിലേക്ക് വെള്ളമെത്തു.