വടക്കഞ്ചേരി: കുടിവെള്ളത്തിനായുള്ള കവിളുപാറ ആദിവാദി കോളനി നിവാസികളുടെ കാത്തിരിപ്പ് അവസാനിക്കുന്നു.
കിഴക്കഞ്ചേരി പഞ്ചായത്തിലെ ഏഴാം വാർഡിൽപ്പെട്ട ആദിവാസി കോളനിയിലെ അറുപതോളം കുടുംബങ്ങൾക്ക് ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ 10ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ചാമുണ്ണി നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ അധ്യക്ഷയാകും.
ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി 12,75,000 രൂപ ഉപയോഗിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. ഈ വർഷം അനുവദിച്ച ഏഴ് ലക്ഷം കൂടിയാകുമ്പോൾ കോളനിയിലെ മുഴുവൻ കുടുംബങ്ങളിലേക്കും പൈപ്പ് ലൈനിലൂടെ വെള്ളമെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. കവിളുപാറ കോളനിയലേക്ക് കുടിവെള്ളമെത്തിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിവിധ പദ്ധതികൾ നടപ്പാക്കിയെങ്കിലും ഫലംകണ്ടില്ല. മലയോര പ്രദേശമായതിനാൽ കുഴൽകിണർ കുഴിക്കുമ്പോൾ വെള്ളം ലഭിക്കാത്തതാണ് തിരിച്ചടിയായത്. നിലവിൽ കോളനിക്ക് സമീപം തുറന്ന കിണറാണ് നിർമ്മിച്ചിരിക്കുന്നത്. വനം വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് നിർമ്മിച്ച കിണർ ചുറ്റുമതിലുകെട്ടി സംരക്ഷിച്ചിട്ടുണ്ട്. വേനൽക്കാലത്ത് ഉൾപ്പെടെ കിണറിൽ നിന്നും വെള്ളം ലഭ്യമാകുമെന്നാണ് പ്രതീക്ഷ. കിണറ്റിലെ വെള്ളം മോട്ടറുപയോഗിച്ച് ടാങ്കിലെത്തിച്ചാണ് വിതരണം ചെയ്യുക.
ഇപ്പോൾ 28 കുടുംബങ്ങൾക്ക് ഗുണകരമാകുന്ന പദ്ധതി 32 കുടുംബങ്ങൾക്കുകൂടി വ്യാപിപ്പിക്കും. എല്ലാ കുടുംബങ്ങൾക്കും വീടുകളിൽ പൈപ്പ് സ്ഥാപിച്ച് സൗജന്യമായി കുടിവെള്ളം നല്കും.
മലയിൽ നിന്നുവരുന്ന വെള്ളത്തെ ആശ്രയിച്ചായിരുന്നു ആദിവാസി കുടുംബങ്ങൾ കഴിഞ്ഞത്. വേനൽക്കാലത്ത് ഇവരുടെ സ്ഥിതി മോശമാകും. കിലോമീറ്ററുകൾ സഞ്ചരിച്ച് വെള്ളം എടുക്കേണ്ട അവസ്ഥിയിലാണ് ഇവിടെത്തുകാർ. കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമാകുമെന്നാണ് പ്രതീക്ഷ.