പട്ടാമ്പി: കാറിൽ കടത്തുകയായിരുന്ന രണ്ടുകിലോ കഞ്ചാവ് പിടികൂടി. ഒറ്റപ്പാലം ആറ്റശ്ശേരി ദേശത്ത് കീഴ്പാടം പള്ളിയാലിൽ വീട്ടിൽ മുഹമ്മദ് സാബിർ (34), തൃക്കടിയൂർ വാഴൂർദേശത്ത് കോണിക്കൽ അബ്ദുൾ അസീസ് (29), ശീകൃഷ്ണപുരം കടവൂർ പോസ്റ്റിൽ പൂക്കോട്ടുകാവ് ദേശത്ത് മുളക്കൽ മുഹമ്മദ് സക്കീർ (29) എന്നിവരെ അറസ്റ്റു ചെയ്തു. കാറിലെ ബോണറ്റിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു കഞ്ചാവ്.
പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ വി.പി.സുലേഷ് കുമാറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പട്ടാമ്പി റേഞ്ച് ഇൻസ്‌പെക്ടർ വി.അനൂപിന്റെ നേതൃത്വത്തിൽ വാളയാർ ടോൾ പ്ലാസക്കു സമീപം നടത്തിയ വാഹന പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. തമിഴ്‌നാടിലെ കരുമത്താംപട്ടിയിൽ നിന്ന് 25000 രൂപയ്ക്ക് വാങ്ങി പെരിന്തൽമണ്ണയിലേക്ക് ചില്ലറ വിൽപ്പനക്കായി കൊണ്ടുപോവുകയായിരുന്നു. പ്രതികൾ ഇതിനു മുമ്പും കൊച്ചിയിലേക്കും ഡി.ജെ പാർട്ടിക്കും ന്യൂ ഇയർ പാർട്ടിക്കും വേണ്ടി സമാനമായ രീതിയിൽ കഞ്ചാവ് കടത്തിയിട്ടുണ്ട്. ഇവർ കഞ്ചാവു കടത്തുകാരുടെ പ്രധാന കണ്ണിയായി പ്രവർത്തിച്ചുവരുകയാണെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.
എക്‌സൈസ് ഇൻസ്‌പെക്ടർ വി.അനൂപ്, പ്രിവന്റീവ് ഓഫീസർ ആർ.വിനോദ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സതീഷ് വി.റ്റി, വി.ബാബു, വുമൺ സിവിൽ എക്‌സൈസ് ഓഫീസർ രഞ്ജിനി, ഡ്രൈവർ അനുരാജ്.എസ് എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.