അഗളി: ബി.ആർ.സിയുടെ നേതൃത്വത്തിൽ സാമൂഹ്യ ഉൾച്ചേർക്കൽ പരിപാടിയുടെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി പഠനയാത്ര സംഘടിപ്പിച്ചു. കോഴിക്കോട്ടെ വിനോദ, പഠന സാധ്യതയുള്ള സ്ഥലങ്ങളിലേക്കായിരുന്നു യാത്ര. 30 കുട്ടികൾ, രക്ഷിതാക്കൾ, ബി.ആർ.സി അംഗങ്ങൾ എന്നിവർ യാത്രയിൽ പങ്കെടുത്തു.

കോഴിക്കാട് മേഖലാ ശാസ്ത്രകേന്ദ്രം, ബേപ്പൂർ തുറമുഖം, പുലിമുട്ട് ബീച്ച്, കേന്ദ്ര സമുദ്ര ജല മത്സ്യ ഗവേഷണകേന്ദ്രം എന്നിവയാണ് കുരുന്നുകൾ സന്ദർശിച്ചത്. രാവിലെ ശാസ്ത്ര കേന്ദ്രം, സയൻസ് പാർക്ക് എന്നിവയിലും അതിനു ശേഷം ത്രീഡി ഷോ, പ്ലാനിറ്റോറിയം എന്നിവയും കണ്ട് കുട്ടികൾ കേന്ദ്ര സമുദ്ര ജല മത്സ്യ ഗവേഷണകേന്ദ്രത്തിലെത്തി. ശേഷം ബേപ്പൂർ തുറമുഖത്തിലേക്ക് യാത്രയായി. അവിടെ ലക്ഷദ്വീപിലേക്ക് പോകാൻ ഒരുങ്ങി നിൽക്കുന്ന എം.വി.മിനിക്കോയ് എന്ന യാത്രാകപ്പൽ കുട്ടികൾക്ക് കൗതുകമായി. ജലയാത്ര കുട്ടികൾക്ക് പുതിയൊരു അനുവഭവമായിരുന്നു. ഇതിന് ശേഷം പുലിമുട്ട് ബീച്ച് സന്ദർശിക്കുകയും ഏകദേശം 860 മീറ്റർ നീളമുള്ള കടൽ പാലത്തിലൂടെ സഞ്ചരിക്കുകയും സൂര്യാസ്തമയം നേരിൽ കാണുകയും ചെയ്താണ് സംഘം മടങ്ങിയത്. യാത്രകൾ തങ്ങളുടെ കുട്ടികളിലും ഞങ്ങളിലും വലിയ മാറ്റമാണ് ഉണ്ടാക്കിയതെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള യാത്രകൾ ഇനിയും ഉണ്ടാവണമെന്ന് കുട്ടികളും പറഞ്ഞു.