puzha-
ചെർപ്പുളശ്ശേരിയിൽ നടന്ന കൊയ്ത്തുത്സവം നഗരസഭ ചെയർപേഴ്‌സൺ ശ്രീലജ വാഴക്കുന്നത്ത് ഉദ്ഘാടനം ചെയ്യുന്നു.

ചെർപ്പുളശ്ശേരി: തൂതപ്പുഴ സംരക്ഷണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പുഴ കൂട്ടായ്മ നെൽകൃഷിയിലും വിജയം കൊയ്യുന്നു. പുഴ സംരക്ഷിക്കുന്നതിന് നീർത്തട പ്രദേശങ്ങളായ പാടവും തോടുമെല്ലാം നിലനിർത്തണമെന്ന ആശയത്തിൽ നിന്നും തരിശായി കിടന്നിരുന്ന ചെർപ്പുളശ്ശേരി കൊരമ്പ പാശേഖരത്തെ പത്ത് ഏക്കർ സ്ഥലത്ത് നടത്തിയ നെൽകൃഷിയാണ് തുടർച്ചയായ രണ്ടാംവർഷവും വിജയമായത്.

പുഴ പ്രവർത്തകരും കൊരമ്പ പാശേഖര സമിതിയും ചേർന്നാണ് കൃഷി ഇറക്കിയത്. തീർത്തും ജൈവ രീതിയിലാണ് കൃഷി ചെയ്തത്. വിളവെടുപ്പ് കഴിഞ്ഞദിവസം നഗരസഭ ചെയർപേഴ്‌സൺ ശ്രീലജ വാഴക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. നഗരസഭാ അംഗങ്ങളായ ഷമീറ പുലാത്തറക്കൽ, നൂർജഹാൻ, പ്രകാശ് കുറുമാപ്പള്ളി, പുഴ പ്രവർത്തകരായ നിഭ നമ്പൂതിരി, മുഹമ്മദ് കുട്ടി, കൃഷി ഓഫീസർ സിംബൂല, പാശേഖര സമിതി സെക്രട്ടറി രാധാകൃഷ്ണൻ എന്നിവരും സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളും കൊയ്ത്തുത്സവത്തിൽ പങ്കെടുത്തു.

കൃഷി ചെയ്ത് കിട്ടിയ നെല്ല് അരിയാക്കി വിറ്റഴിക്കാനാണ് തീരുമാനം. പുഴ കൂട്ടായ്മയുടെ കൃഷി പ്രദേശത്തെ കർഷകർക്കും പ്രചോദനമായിട്ടുണ്ട്. നേരത്തെ മാലിന്യവാഹിനിയായി ഒഴുകിയിരുന്ന കൊരമ്പതോടും പുഴ പ്രവർത്തകർ ശുചീകരിച്ചിരുന്നു.