വടക്കഞ്ചേരി: നീർത്തട പദ്ധതിയ്ക്കും പാലക്കുഴി ജലവൈദ്യുതി പദ്ധതിയ്ക്കും ഭീഷണിയായി കരിങ്കൽ ക്വാറി വരുന്നു. കിഴക്കഞ്ചേരി രണ്ടാം വില്ലേജിലാണ് പുതിയതായി ക്വാറി തുടങ്ങാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയത്. ദീർഘകാലത്തെ പഠനങ്ങൾക്കൊടുവിൽ തുടക്കം കുറിച്ച് പാലക്കുഴി ജലവൈദ്യുതി പദ്ധതിയ്ക്ക് ഇത് ഭീഷണിയാകും. ജലവൈദ്യുതി പദ്ധതിക്കായി നിർമ്മിക്കുന്ന അണക്കെട്ടിന്റെ നിലനിൽപ്പ് അപകടത്തിലാക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.

കിഴക്കഞ്ചേരി രണ്ടാം വില്ലേജിലെ റീസർവ്വേ നമ്പർ 39ൽ ഉൾപ്പെടുന്ന 14, 15 ബ്ലോക്കുകളിലായാണ് പുതിയ ക്വാറി തുടങ്ങാൻ അനുമതി നൽകുന്നത്. ചെങ്കുത്തായ മലയുടെ ഭാഗമായ ഈ പ്രദേശത്ത് മുമ്പ് ഉരുൾപൊട്ടൽ ഉണ്ടായിട്ടുകൂടി അധികൃതർ അനുമതി നൽകാനുള്ള നീക്കത്തിലാണ്. ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോൾട്ടുകൾ പ്രകാരം പരിസ്ഥിതിലോല പ്രദേശമായിട്ടു പോലും ക്വാറി തുടങ്ങാനുള്ള അപേക്ഷയും പ്രവർത്തനങ്ങളുടെ നീക്കവും അധികൃതർ കണ്ടഭാവമില്ല.
കിഴക്കഞ്ചേരി പഞ്ചായത്തിന്റെ പകുതിയിലധികം ഭാഗങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന നീർത്തട ഭൂമിയും കൂടിയാണ് ഈ മേഖല. വനഭൂമിയോട് ചേർന്നുള്ള ഭാഗമായതിനാൽ കൂടുതൽ വന്യമൃഗങ്ങളുടെ സഞ്ചാര കേന്ദ്രം കൂടിയാണ്. ഉഗ്രസ്‌ഫോടനങ്ങൾ നടത്തി പരിസ്ഥിതിയെ ദുർബലപ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ സമരപരിപാടികൾ നടത്താനുള്ള തീരുമാനമാണ്.