 അവഗണനയെന്ന് റെയിൽവേ സ്റ്റേഷൻ വികസന സമിതി

ചെർപ്പുളശ്ശേരി: നിലമ്പൂർ - തിരുവനന്തപുരം രാജറാണി എക്‌സ്പ്രസ് സ്വതന്ത്ര ട്രെയിനായി ഓടി തുടങ്ങാനിരിക്കെ കുലുക്കല്ലൂരിലും സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. എം.പി മുതൽ റെയിൽവേ മന്ത്രിക്കുവരെ നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. സ്റ്റേഷന്റെ പരിമിതികളാണ് സ്റ്റോപ്പ് അനുവദിക്കുന്നതിനുള്ള പ്രധാന തടസം.

ഇന്നും ഗതാഗത സൗകര്യം ഇല്ലാത്ത പാതയിലെ ഏക സ്റ്റേഷനാണ് കുലുക്കല്ലൂർ. ഈയിടെ പഞ്ചായത്ത് മുൻകൈയെടുത്ത് നിർമ്മാണമാരംഭിച്ച അപ്രോച്ച് റോഡിന്റെ പ്രവൃത്തികളും പാതിവഴിയിൽ നിലച്ചമട്ടാണ്. നിലവിൽ കുലുക്കല്ലൂർ റെയിൽവേ ക്രോസിൽ വന്നിറങ്ങി 400 മീറ്ററോളം ട്രാക്കിലൂടെ നടന്നുവേണം സ്റ്റേഷനിലെത്താൻ. പ്രായമായവരും, രോഗികളും കുട്ടികളുമടക്കമുള്ള യാത്രക്കാരാണ് ഇതുകാരണം ദുരിതം നേരിടുന്നത്.

റോഡിൽ നിന്ന് നോക്കിയാൽ കാണുന്ന സ്റ്റേഷനിലേക്ക് വാഹന മാർഗമെത്തണമെങ്കിൽ അഞ്ച് കിലോമീറ്റർ ചുറ്റണം. ഇതിന് പരിഹാരം കാണാൻ കുലുക്കല്ലൂർ റെയിൽവേ സ്റ്റേഷൻ വികസന സമിതി ഇടപെട്ട് ജനങ്ങളിൽ നിന്നും ഒപ്പ് ശേഖരണം നടത്തി റെയിൽവേക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റയിൽവേ ഉദ്യോഗസ്ഥർ സ്ഥലം പരിശോധിക്കുകയും, പാളത്തിന് സമാന്തരമായി റോഡ് നിർമ്മിക്കാൻ പ്ലാനും സാധ്യതാ റിപ്പോർട്ടും തയ്യാറാക്കുകയും ചെയ്തു. ഇതിനായി രണ്ടുലക്ഷം രൂപ പഞ്ചായത്ത് റെയിൽവേക്ക് നൽകണമെന്നും നിർദ്ദേശിച്ചു. എന്നാൽ, ഫണ്ടിന്റെ അപര്യാപ്തത തടസമായി. റോഡില്ലാത്തതു കാരണം റെയിൽവേ സ്റ്റേഷന്റെ എല്ലാ വികസനവും വഴിമുട്ടുന്ന അവസ്ഥയാണ് നിലവിൽ. കുലുക്കല്ലൂർ പഞ്ചായത്തിലുള്ളവർ മാത്രമല്ല കൊപ്പം, വിളയൂർ, നെല്ലായ പഞ്ചായത്തിലുള്ളവരും ഈ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നുണ്ട്.

പ്രദേശത്തെ സാധാരണക്കാരായ രോഗികൾ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പോകാനും തിരുവനന്തപുരം ആർ.സി.സി.യിൽ പോകാനും കുലുക്കല്ലൂർ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. സ്റ്റേഷനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ശക്തമായ ജനകീയ സമരങ്ങൾക്ക് രൂപം നൽകാനും ആലോചിക്കുന്നതായി സ്റ്റേഷൻ വികസന സമിതി ചെയർമാൻ സി.മോഹൻദാസും, കൺവീനർ സി.രാജനും പറഞ്ഞു.