hospital

ഒറ്റപ്പാലം: പരാധീനതകളുടെ നടുവിൽ വീർപ്പുമുട്ടുന്ന താലൂക്ക് ആശുപത്രി നവീകരണത്തിന് നൂറുകോടി രൂപയുടെ മാസ്റ്റർ പ്ലാനുമായി അധികൃതർ. മൂന്ന് ഘട്ടങ്ങളിലായി നിർമ്മാണം പൂർത്തിയാക്കുന്നതാണ് മാസ്റ്റർ പ്ലാൻ.

ആദ്യഘട്ട നിർമ്മാണത്തിന് 40 കോടിയും പിന്നീടുള്ള രണ്ടുഘട്ടങ്ങൾക്ക് 30 കോടി വീതവുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനായി ഡിജിറ്റൽ സർവേയും രൂപരേഖയും റവന്യൂ വകുപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയിരുന്നു. മാസ്റ്റർ പ്ലാൻ പി.ഉണ്ണി എം.എൽ.എ ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്.
ചെറിയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി മൂന്ന് കെട്ടിട സമുച്ചയങ്ങൾ നിർമ്മിക്കുന്നതാണ് പദ്ധതി. പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിലേക്കുള്ള വഴിയിലൂടെ ആശുപത്രിയിലേക്കുള്ള പ്രധാന കവാടമൊരുക്കും. ഇതിന് സമീപമുള്ള സ്ഥലത്ത് അത്യാധുനിക സജ്ജീകരണങ്ങളോടെ പുതിയ ആറുനില കെട്ടിടം നിർമ്മിക്കും. ഇതിൽ ഒ.പി, ഐ.പി, ഫാർമസി, ലാബ്, പുരുഷ - വനിത വാർഡുകൾ, പേ വാർഡ്, സ്റ്റാഫ് ക്വാർട്ടേഴ്‌സ് എന്നിവയാണ് ഒരുക്കുക.

അത്യാഹിത വിഭാഗം ഉൾപ്പെടുന്നതാണ് രണ്ടാമത്തെ കെട്ടിടം. മൂന്നാമത്തതേതിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ഡയാലിസിസ് വിഭാഗവും കീമോ തെറാപ്പി, അർബുദ ചികിത്സാ കേന്ദ്രവും പ്രവർത്തിക്കും. മൂന്ന് കെട്ടിടങ്ങളിലേക്കും കടക്കാൻ റാമ്പുകളുണ്ടാകും.കെട്ടിടത്തിന്റെ അണ്ടർ ഗ്രൗണ്ട് പാർക്കിംഗിന് വേണ്ടി സജ്ജമാക്കും.

സ്ഥല പരിമിതിയുള്ളതിനാൽ അശാസ്ത്രീയമായ രീതിയിലാണ് നിലവിൽ താലൂക്ക് ആശുപത്രിയിലെ കെട്ടിടങ്ങളുള്ളത്. ഇവ പൂർണമായും മാറ്റി മൂന്ന് കെട്ടിടങ്ങളാക്കും. ഇപ്പോൾ അത്യാഹിത വിഭാഗത്തിനുള്ള കവാടത്തിലൂടെയാണ് അശുപത്രിയിലേക്ക് എല്ലാവരും എത്തുന്നത്. ഇത് എല്ലാ സമയത്തും കവാടത്തിൽ തിരക്കുണ്ടാകാൻ കാരണമാകുന്നതായി രോഗികൾ ഉൾപ്പെടെയുള്ളവർ പരാതിപ്പെട്ടിരുന്നു. തിരക്ക് കൂടുതലായതിനാൽ അത്യാഹിത വിഭാഗത്തിലേക്കെത്തുന്നവർക്ക് വളരെയേറെ പ്രയാസമുണ്ടാകുന്നതായും പരാതിയുണ്ട്. പുതിയ പദ്ധതി നവീകരണം നടക്കുന്നപ്പോൾ ഇത്തരം പ്രശ്നങ്ങൾ പൂർണമായും ഒഴിവാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.