പാലക്കാട് : പിരായിരി ചുങ്കത്തിന് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ബൈക്ക് യാത്രികരായ പിരായിരി പള്ളിക്കുളം ബിസ്മില്ലാ മൻസിൽ അലിയുടെ മകൻ സുഹൈബ് (20), പൂടൂർ സ്വദേശി സക്കീർ ഹുസൈൻ എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെ 5.45 ഓടെയായിരുന്നു അപകടം.

പാലക്കാട് - പൂടൂർ - തിരുവില്വാമല വഴി തൃശൂരിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് ഇടിച്ചത്. ബസ് ഡ്രൈവറെ ടൗൺ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് 304 എ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. പൂടൂരിലേക്ക് പോകുകയായിരുന്ന ബസ് പാലക്കാട്ടേക്ക് വരികയായിരുന്ന സുഹൈബും സക്കീർ ഹുസൈനും സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.