കേണപേക്ഷിച്ചത് ഒമ്പത് തവണ, ജയപ്രകാശിന് മുച്ചക്രവാഹനം വേണം
അലനല്ലൂർ: ഭിന്നശേഷിക്കാരനായ ജയപ്രകാശിന് ഒരു മുച്ചക്രവാഹനം വേണം. പോളിയോ ബാധിച്ച് തളർന്ന കാലുകളുമായി അധികൃതരുടെ കനിവ് പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് ഈ ലോട്ടറി വിൽപനക്കാരൻ. പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, വികലാംഗ കോർപ്പറേഷൻ, എം.എൽ.എ എന്നിവർക്കായി ഒമ്പത്പ്രാവശ്യം ജയപ്രകാശൻ അപേക്ഷ സമർപ്പിച്ചെങ്കിലും ആരും നടപടിയെടുത്തില്ല.
അലനല്ലൂർ ചന്തപ്പടി സിനിമാ ടാക്കീസിന് സമീപത്തെ കടയിലാണ് എടത്തനാട്ടുകര ചുണ്ടോട്ടുകുന്ന് വലിയാറ വീട്ടിൽ ജയപ്രകാശ് (47) ലോട്ടറി വിൽപന നടത്തി കുടുംബം പോറ്റുന്നത്. ലോട്ടറിക്കടയിൽ എത്താൻ ദിവസവും പത്ത് കിലോമീറ്റർ യാത്ര ചെയ്യണം. മുച്ചക്ര സ്‌കൂട്ടർ ലഭിച്ചാൽ കടയിലെത്താനും നിരത്തിലൂടെ കച്ചവടം നടത്താനും കഴിയും എന്ന പ്രതീക്ഷയിലാണ് ഇയാൾ. മൂന്ന് വർഷത്തോളമായി ഇവിടെ കച്ചവടം തുടങ്ങിയിട്ട്. അതിന് മുമ്പ് അങ്ങാടിപ്പുറത്തെ ഒരു കടയിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യയും വിദ്യാർത്ഥികളായ രണ്ട് മക്കളും ആണ് വീട്ടിൽ. അറുപത്തിയഞ്ച് വർഷം മുമ്പ് കൈരളി വാർഡിൽ എട്ട് സെന്റിൽ പണിത ഓട് മേഞ്ഞ പഴയതറവാട്ടു വീടിലാണ് ഇവർ കഴിയുന്നത്. വീടിന്റെ പല ഭാഗങ്ങളും കേടുവന്നിട്ടുണ്ട്. നവീകരിക്കാനുള്ള ധനസഹായത്തിനായി അലനല്ലൂർ പഞ്ചായത്തിൽ അപേക്ഷ നൽകിയെങ്കിലും നടപടിയായില്ല. സ്വന്തമായി സ്വത്തുക്കളൊന്നും ഇയാൾക്കില്ല, വികലാംഗ പെൻഷനും ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിക്കുന്ന കമ്മിഷനുമാണ് ആകെയുള്ള വരുമാനം. കടയിലൊതുങ്ങിയുള്ള കച്ചവടം കൊണ്ട് കുടുംബം പോറ്റാനാവാത്ത അവസ്ഥയിലാണ്. തളർന്ന കാലുമായി ടൗണിലൂടെ അലയാൻ നന്നേ പ്രയാസപ്പെടുകയാണ് പാവം. പഞ്ചായത്തും വികലാംഗ കോർപ്പറേഷനും മറ്റു ജനപ്രതിനിധികളും ഭിന്ന ശേഷിക്കാർക്ക് മുച്ചക്ര വാഹനം നൽകിവരുന്നുണ്ടെങ്കിലും ഇതുവരെ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടാൻ ജയപ്രകാശിന് ഭാഗ്യം കിട്ടിയിട്ടില്ല.