വടക്കഞ്ചേരി: വഴിയാത്രക്കാർക്ക് വിശ്രമിക്കാനായി കെട്ടിയ കെട്ടിടം അപകട ഭീഷണിയിൽ. മേലാർകോട് പഞ്ചായത്തിലെ ചിറ്റില്ലഞ്ചേരി തൃപ്പാളൂർ പാതയിൽ നൊച്ചുകുളത്തിന് സമീപമുള്ള വിശ്ര മകേന്ദ്രമാണ് ഏതുനിമിഷവും തകർന്ന് വീഴാനായി നിൽക്കുന്നത്.
എട്ടുവർഷം മുമ്പാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വിശ്രമകേന്ദ്രങ്ങൾ നിർമ്മിച്ചത്. നാലുവർഷം മുമ്പ് വാഹനമിടിച്ച് ഈ വിശ്രമ കേന്ദ്രത്തിന്റെ തൂൺ തകർന്നിരുന്നു. തൊട്ടടുത്തുള്ള മരത്തിന്റെ വേരുകൾ പടർന്നതോടെ അടിത്തറ പൂർണമായും തകർന്നു.
ഇപ്പോൾ ഭിത്തിയും കോൺക്രീറ്റുൾപ്പെടെ വിണ്ടുനിൽക്കുകയാണ്.
നൊച്ചുകളും, പുത്തൻതറ തുടങ്ങിയ ഭാഗങ്ങളിലെ യാത്രക്കാരും വിദ്യാർത്ഥികളുമുൾപ്പെടെ ഇവിടെയാണ് ബസ് കാത്തുനിൽക്കുന്നത്. അപകട ഭീഷണിയിലായ കേന്ദ്രം പൊളിച്ചുമാറ്റി ജനങ്ങളുടെ ഭീതി മാറ്റണമെന്ന് ചിറ്റില്ലഞ്ചേരി പൗരസമിതി പ്രസിഡന്റ് സേതുമാധവൻ ആവശ്യപ്പെട്ടു.
ചിറ്റില്ലഞ്ചേരി തൃപ്പാളൂർ പാതയിൽ ഹൈസ്‌കൂൾ മൈതാനത്തിന് സമീപം തകർന്ന് വീഴാറായ വിശ്രമ കേന്ദ്രം