നെല്ലിയാമ്പതി: ഉരുൾപൊട്ടലിൽ തകർന്ന കുണ്ടറച്ചോല കലുങ്കിന് പകരം പുതിയ പാലം നിർമ്മിക്കാൻ ഭരണാനുമതി. ഒന്നരക്കോടി രൂപ ചെലവിലാണ് പുതിയ പാലം നിർമ്മിക്കുക. കഴിഞ്ഞ ആഗസ്റ്റ് 16ന് ഉണ്ടായ ഉരുൾപൊട്ടലിലാണ് കുണ്ടറച്ചോല കലുങ്ക് പൂർണമായും ഒലിച്ചുപോയത്. ഈ ഭാഗത്ത് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ സിമന്റ് കുഴലുകൾ സ്ഥാപിച്ച് മണൽ ചാക്കുകൾ അടുക്കി താൽക്കാലിക പാലം നിർമ്മിച്ചാണ് ചെറുവാഹനങ്ങൾ നെല്ലിയാമ്പതിയിലേക്ക് കടന്നുപോകുന്നത്. ഇതിലൂടെ ഭാരവാഹനങ്ങൾക്ക് നിയന്ത്രണമുള്ളതിനാൽ തോട്ടം മേഖലയെയെയും വിനോദ സഞ്ചാരത്തെയും പ്രതികൂലമായി ബാധിച്ചു.
പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ ഉൾപ്പെടെ സ്ഥലം സന്ദർശിച്ചിട്ടും പാലത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ അനുമതി ലഭിക്കുന്നതിന് അഞ്ചുമാസം താമസം നേരിട്ടു. വകുപ്പിലെ വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയെ തുടർന്നാണ് ഒന്നരക്കോടി രൂപ ചെലവിൽ പാലം നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയത്.
നിലവിലുള്ള താൽക്കാലിക പാലത്തിന് മുകൾ ഭാഗത്തായി പത്ത് മീറ്റർ നീളത്തിലും വീതിയിലുമുള്ള ഒറ്റ സ്പാനായിട്ടാണ് പുതിയ പാലം നിർമ്മിക്കുക. അടുത്ത ആഴ്ചയോടെ കരാർ നടപടി പൂർത്തീകരിച്ച് പണി ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. ഇതോടൊപ്പം ചുരം പാതയുടെ സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനായി 25 ലക്ഷത്തിന് മുകളിലുള്ള മൂന്ന് പ്രവർത്തികൾക്കും ഭരണാനുമതി ലഭിച്ചിട്ടുണ്ട്.