kudumbasree
കുടുംബശ്രീയുടെ വിവിധ പദ്ധതികൾ 'മുന്നോട്ട്' എം.ബി.രാജേഷ് എം.പി ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: കുടുംബശ്രീയുടെ കീഴിൽ സംസ്ഥാനത്ത് ആദ്യമായി ചിക്കൻ വിപണത്തിന് കൺസോർഷം രൂപീകരിക്കുന്നു. കുടുംബശ്രീ കേരള ചിക്കൻ പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ കീഴിൽ ആരംഭിക്കുന്ന കുടുംബശ്രീ കേരളചിക്കൻ ബ്രീഡേഴ്സ് കൺസോർഷ്യത്തിന് ജില്ലയിലെ 10 പഞ്ചായത്തുകളിലായി രണ്ടുകോടി രൂപ നൽകും. ഇതിന്റെ ഭാഗമായി 20 ലക്ഷത്തിന്റെ ചെക്ക് എം.ബി.രാജേഷ് എം.പി ശ്രീകൃഷ്ണപുരം പഞ്ചായത്തിന് കൈമാറി. കുടുംബശ്രീയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീകൃഷ്ണപുരം, മേലാർകോട്, കരിമ്പ, കിഴക്കഞ്ചേരി, അയിലൂർ, എലവഞ്ചേരി, കോങ്ങാട്, കണ്ണമ്പ്ര, തേങ്കുറിശ്ശി, പരുതൂർ പഞ്ചായത്തുകളിലെ സി.ഡി.എസുകളാണ് കൺസോർഷ്യത്തിലുള്ളത്. ഒരു സി.ഡി.എസിന് 20 ലക്ഷം രൂപ വീതം രണ്ട് കോടിയാണ് പദ്ധതിക്കായി നൽകുന്നത്. സി.ഡി.എസുകൾ തുക കുടുംബശ്രീ കേരള ചിക്കൻ പ്രൊഡ്യൂസേഴ്സ് കമ്പനിയിൽ നിക്ഷേപിക്കും. പദ്ധതി വഴി തിരുവിഴാംകുന്ന് ഹാച്ചറിയിൽ ഉത്പാദിപ്പിക്കുന്ന കോഴിക്കുഞ്ഞങ്ങളെ വളർത്താൻ കുടുംബശ്രീകളെ ഏൽപ്പിക്കും. പൂർണവളർച്ചയെത്തിയ കോഴികളെ കുടുംബശ്രീ കേരള ചിക്കൻ പ്രൊഡ്യൂസേഴ്സ് കമ്പനി വഴി വിപണനം നടത്തും.
പരിപാടിയിൽ കുടുംബശ്രീകളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കമ്മ്യൂണിറ്റി എന്റർപ്രൈസസിനായുള്ള ഫണ്ട് വിതരണം, സ്‌കിൽ എക്സിബിഷൻ, മഹിളാമിത്ര ശിൽപശാല പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. ഷാഫി പറമ്പിൽ എം.എൽ.എ അധ്യക്ഷനായി.

കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗം കെ.പി.എം.പുഷ്പജ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ബിന്ദു സുരേഷ്, ജില്ലാ സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റർ എം.കെ.ബാബു, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി.സൈതലവി, കുടുംബശ്രീ എ.ഡി.എം.സി എസ്.വി.പ്രേംദാസ് എന്നിവർ സംസാരിച്ചു.