വടക്കഞ്ചേരി: ദേശീയപാത കുതിരാനിൽ ഓടികൊണ്ടിരിക്കുന്ന കാർ കത്തി നശിച്ചു. കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കുതിരാൻ ക്ഷേത്രത്തിന് സമീപം ഇന്നലെ രാവിലെയാണ് സംഭവം.
എറണാകുളത്ത് നിന്ന് ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന പാലാരിവട്ടം സ്വദേശി സഞ്ജയ്, ഭാര്യ സീന എന്നിവർ സഞ്ചരിച്ച കാറാണ് കത്തിയത്. ക്ഷേത്രത്തിന് സമീപം കാർ നിറുത്തി, വാഹനമെടുത്ത ഉടൻ തന്നെ മുൻഭാഗത്ത് നിന്ന് പുക ഉയരുകയായിരുന്നു. ഇവർ വാഹനത്തിൽ നിന്ന് ഇറങ്ങുമ്പോഴേക്കും തീ പടർന്നു. കാർ പൂർണമായും കത്തി നശിച്ചു.
തൃശൂരിൽ നിന്നുള്ള അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. ഹൈവേ പൊലീസും സ്ഥലത്തെത്തി. മറ്റ് വാഹനങ്ങളൊന്നും സമീപത്തില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. അപകടത്തെ തുടർന്ന് രാവിലെ 7.30 മുതൽ 10.30 വരെ ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു.