prathishedam
മണ്ണാർക്കാട് കോടതിപ്പടിയിലെ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം

മണ്ണാർക്കാട്: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി കോടതിപ്പടിയിൽ അഴുക്കുചാൽ നിർമ്മിക്കുന്നതിനിടെ പി.ഡബ്ളിയു.ഡി ഓഫീസിന് വേണ്ടി അളവിൽ മാറ്റം വരുത്തിയതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. റവന്യൂ രേഖ പ്രകാരം ഓഫീസിന്റെ മതിൽ പൊളിച്ചാണ് അഴുക്കുചാൽ നിർമ്മിക്കേണ്ടത്. എന്നാൽ ഇവിടെ മതിൽ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചത്.

ഇതേ അളവ് മാനദണ്ഡമാക്കി സമീപത്തുള്ള കുടുംബങ്ങളെ കുടിയൊഴിപ്പിച്ചിരുന്നു. എന്നാൽ ഓഫീസ് സ്ഥലം സംരക്ഷിക്കുന്ന വിധം മതിലിന് പുറമെ നിർമ്മാണ പ്രവൃത്തികൾ നടന്നതാണ് നാട്ടുകാർ ചോദ്യം ചെയ്തത്. ദേശീയപാത നിർമ്മാണത്തിന് വ്യക്തികളും സ്ഥാപനങ്ങളുമെല്ലാം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമ്പോഴാണ് സർക്കാർ ഓഫീസിനായി ക്രമക്കേട് നടത്തുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
ഇറക്കവും വളവും കാരണം അപകട സാദ്ധ്യതയേറിയ ഭാഗമാണിവിടം. പരമാവധി വീതിയിൽ നിർമ്മാണം നടന്നാൽ വളവ് നിവരുകയും അപകട സാദ്ധ്യത കുറയുകയും ചെയ്യും. എന്നാൽ ഇതൊന്നും കണക്കാക്കാതെയാണ് ഇവിടെ നിർമ്മാണം നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. പ്രതിഷേധത്തെ തുടർന്ന് നിർമ്മാണം നിറുത്തിവച്ചു.

നഗരസഭാദ്ധ്യക്ഷ എം.കെ.സുബൈദ, കൗൺസിലർ അഫ്‌സൽ എന്നിവർ സ്ഥലത്തെത്തി ചർച്ച നടത്തി. ജനങ്ങളുടെ പ്രതിഷേധം ന്യായമാണെന്നും യഥാർത്ഥ രേഖകൾ പ്രകാരം തന്നെ നവീകരണം നടത്തണമെന്നും നഗരസഭാദ്ധ്യക്ഷ ആവശ്യപ്പെട്ടു. പ്രശ്നത്തിന് പരിഹാരം കാണാൻ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് നഗരസഭ ഹാളിൽ യോഗം വിളിച്ചിട്ടുണ്ട്. റവന്യൂ, എൻ.എച്ച്, പി.ഡബ്ല്യുയു.ഡി, ഊരാളുങ്കൽ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന യോഗത്തിൽ പ്രശ്നം പരിഹരിക്കുമെന്നും അവർ അറിയിച്ചു.