കൊല്ലങ്കോട്: മാംഗോസിറ്റി എന്നറിയപ്പെടുന്ന മുതലമടയിൽ കീടബാധ രൂക്ഷമായത് കാരണം ഇത്തവണ വിളവെടുപ്പ് പ്രതിസന്ധിയിലാകുന്നു.
കാലാവസ്ഥ വ്യതിയാനവും മാമ്പൂ കൊഴിച്ചിലും കരിഞ്ഞുപോക്കും പുതിയ ഇനം കീടങ്ങളുടെ കടന്നാക്രമണവും മാങ്ങ ഉല്പാദനത്തെ ഇത്തവണ സാരമായി ബാധിച്ചു. പ്രാണികൾ മൂലം പൂക്കുലകൾ തുടക്കത്തിലെ കരിയുകയാണ്. കഴിഞ്ഞ സീസണിൽ ലഭിച്ച മാങ്ങയുടെ കാൽഭാഗമേ ഇത്തവണ ലഭിക്കൂവെന്നാണ് കർഷകർ പറയുന്നത്. സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്നവർക്ക് ഇത്തവണ മാങ്ങയുടെ വലിപ്പം കുറഞ്ഞതും ഇരുട്ടടിയായി.
സാധാരണ ജനുവരി രണ്ടാംവാരത്തോടെ മാങ്ങ വിളവെടുപ്പ് നടത്തി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എത്തിക്കുന്നതോടെ നല്ല വില ലഭിക്കാറുണ്ട്. മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, പട്ടഞ്ചേരി, വടവന്നൂർ പഞ്ചായത്തുകളിലും പുതുനഗരം, കൊടുവായൂർ, വണ്ടിത്താവളം തുടങ്ങിയ സ്ഥലങ്ങളിലുമായി ആറായിരത്തിലധികം ഹെക്ടറുകളിലായാണ് മാങ്ങാ കൃഷി.
സിന്തുരം ബങ്കനപ്പള്ളി, നടശാല, തോത്താപുരി, മൽഗോവ, മൂവാണ്ടൻ, നീലം, കിളിച്ചുണ്ടൻ എന്നീ ഇനത്തിൽപ്പെട്ട മാങ്ങകളാണ് പ്രധാനമായും വിളവെടുപ്പ് നടത്തുന്നത്.
ഉല്പാദനം കുറഞ്ഞതോടെ തൊഴിലാളികൾക്ക് പണിയില്ലാത്ത സ്ഥിതിയാണ്. ബന്ധപ്പെട്ട അധികൃതർ മാന്തോപ്പുകൾ സന്ദർശിച്ച് കീടങ്ങളെ അകറ്റുന്നതിനുള്ള ഉപായം കണ്ടെത്തി തരണമെന്നുമാണ് കർഷകരുടെ ആവശ്യം.