വടക്കഞ്ചേരി: ആറുമാസമായിട്ടും കുതിരാനിൽ ഇരട്ടക്കുഴൽ തുരങ്കപ്പാത നിർമ്മാണം പുനരാരംഭിക്കാൻ കഴിയാതെ അധികൃതർ. ഫെബ്രുവരിയിൽ ഇടതു തുരങ്കം മാർച്ചിൽ വലതു തുരങ്കവും തുറക്കാനാണ് നേത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ ദേശീയപാത കരാർ കമ്പനിയായ കെ.എം.സി കുടിശിക തീർക്കാതെ പണി ആരംഭിക്കില്ലെന്നാണ് തുരങ്ക നിർമ്മാണം കരാർ എടുത്ത പ്രഗതി കമ്പനി അധികൃതർ പറയുന്നത്. 45 കോടി കുടിശികയുണ്ടെന്നും ഇത് തന്നാൽ രണ്ടു മാസത്തിനകം നിർമ്മാണം പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കുന്നു.
ഇതോടെ വടക്കഞ്ചേരി - മണ്ണുത്തി ആറുവരിപ്പാതയുടെ നിർമ്മാണവും ഒച്ചിഴയും വേഗത്തിലായി. ഇടതു തുരങ്കം 90 ശതമാനവും വലതു തുരങ്കം 40 ശതമാനം നിർമ്മാണം പൂർത്തിയായിട്ടുണ്ടെന്നാണ് നിർമ്മാണ കമ്പനി അധികൃതർ പറയുന്നത്. ഇടതു തുരങ്കമെങ്കിലും ഗതാഗതത്തിന് തുറന്നു കൊടുത്താലേ വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാതയിൽ ടോൾ പിരിവ് തുടങ്ങാൻ പറ്റൂ. ഇതിനു വേണ്ടിയുള്ള തത്രപ്പാടിലാണ് കെ.എം.സി അധികൃതർ. ആറുവരിപ്പാത നിർമാണം ഇഴയുകയാണെങ്കിലും ടോൾ പിരിവ് കേന്ദ്രത്തിലെ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നുണ്ട്. തുരങ്കം നിർമ്മാണം നിലച്ചതോടെ ഇവിടെയുണ്ടായിരുന്ന തൊഴിലാളികളിൽ ഭൂരിഭാഗവും നാട്ടിലേക്ക് മടങ്ങിയെന്നാണ് അറിയുന്നത്. വളരെ കുറച്ച് ആളുകൾ മാത്രമാണ് ഇപ്പോൾ ഇവിടെയുള്ളത്.
നിർമ്മാണം നലച്ചതിന് പുറമേ കുതിരാനിൽ ഗതാഗത സ്തംഭനവും തുടർക്കഥയാവുകയാണ്. കഴിഞ്ഞ ദിവസം ഓടിക്കൊണ്ടിരുന്ന കാർ കുതിരാനിലെ വനവിജ്ഞാൻ കേന്ദ്രത്തിനു മുമ്പിൽ തീപിടിച്ചതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
ഫോട്ടോ ക്യാപ്ഷൻ:തൊണ്ണൂറ് ശതമാനം നിർമാണം പൂർത്തിയായ ഇടതു തുരങ്കം