ഷൊർണൂർ: തൃശൂർ - ഒറ്റപ്പാലം റൂട്ടിലോടുന്ന സ്വകാര്യ ബസുകാരുടെ സമരം ഇന്നും തുടരും. കഴിഞ്ഞ ദിവസം ഷൊർണൂർ എസ്.ഐ, നഗരസഭാ ചെയർപേഴ്‌സസൺ തുടങ്ങിയവർ ജീവനക്കാരുമായി നടത്തിയ ചർച്ചയിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് ബസ് ജീവനക്കാർ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയത്.

കുളപ്പുള്ളി സ്റ്റാന്റിൽ തൃശൂർ - ഒറ്റപ്പാലം റൂട്ടിലോടുന്ന ബസുകൾ കയറാത്തതിൽ പ്രതിഷേധിച്ച് സി.പി.എം പ്രവർത്തകർ കുളപ്പുള്ളിയിൽ തൃശൂർ - ഒറ്റപ്പാലം റൂട്ടിലോടുന്ന ബസുകൾ തടഞ്ഞിരുന്നു. ഇതേ തുടർന്നാണ് വെള്ളിയാഴ്ച മുതൽ ഈ റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കിയത്. തൃശൂരിൽ നിന്ന് നിലവിലെ സമയക്രമമനുസരിച്ച് ഒറ്റപ്പാലം ബസ് സ്റ്റാന്റിലേക്ക് ഇപ്പോഴത്തെ സമയക്രമത്തിന് അനുസരിച്ച് ഓടിയെത്താനാവുന്നില്ലെന്നും ഇതിനിടെ കുളപ്പുള്ളി സ്റ്റാന്റിൽ കൂടി കയറുക പറ്റുന്നില്ലെന്നുമാണ് ബസ് ജീവനക്കാർ പറയുന്നത്. ഇതേ പ്രശ്‌നം നേരത്തെ ഉണ്ടായപ്പോഴും ജീവനക്കാർ പറഞ്ഞിരുന്നത് ബസ് ടൈം റിവേഴ്‌സ് ചെയ്യണമെന്നായിരുന്നു. എന്നാൽ, ഇതൊന്നും പ്രാവർത്തികമായില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇക്കാര്യം ഗൗരവമായെടുത്തില്ലെന്നതാണ് വീണ്ടും പ്രശനം വഷളാക്കിയത്.