കൊല്ലങ്കോട്: രാജ്യം മാലിന്യമുക്തമാക്കാൻ പല പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടും ഫലമില്ല. മുന്നറിയിപ്പ് ബോഡുകളെ അവഗണിച്ച് ഇപ്പോഴും പാതയോരങ്ങൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ മാലിന്യ നിക്ഷേപം വ്യാപകമാണ്. മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്‌കരിക്കണമെന്ന് പറയുമ്പോഴും അവ ചാക്കിൽ കെട്ടിയും പ്ലാസ്റ്റിക് ക്യാരി ബാഗുകളിൽ പൊതിഞ്ഞും പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്ന മലയാളിയുടെ രീതികൾക്ക് മാറ്റമില്ല.
കൊല്ലങ്കോട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലെ പാതയോരം ഇപ്പോൾ മാലിന്യ കൂമ്പാരമായിരിക്കുകയാണ്. ഇവ അഴുകി പ്രദേശത്ത് ദുർഗന്ധം വമിക്കുന്നതിനാൽ നാട്ടുകാർ ഏറെ പ്രയാസത്തിലാണ്. റോഡരികിലൂടെ കാൽനടയാത്രക്കാർക്ക് മൂക്ക് പൊത്താതെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. മാലിന്യങ്ങൾ ഭക്ഷിക്കാനെത്തുന്ന തെരുവായ്ക്കൾ ഇരുചക്രവാഹനങ്ങൾക്ക് കുറുകെ ചാടുന്നത് വലിയ അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. പൊതുസ്ഥലത്തെ മാലിന്യ കൂമ്പാരം പകർച്ച വ്യാധികൾക്ക് കാരണമാകുമെന്ന ഭീതിയിലാണ് ആളുകൾ.
കൊല്ലങ്കോട് പഞ്ചായത്തിലെ പയ്യല്ലൂർ മൊക്ക്, പൊന്നുട്ട് പാറ, ചിക്കണാംമ്പാറ, മേട്ടുപാളയം എന്നിവിടങ്ങളിലും മുതലമട പഞ്ചായത്തിൽ നെണ്ടൻകിഴായ, കാമ്പ്രത്ത്ചള്ള, ചുള്ളിയാർമേട്, പാതയുടെവശങ്ങളിലും പഞ്ചായത്ത് - പൊലീസ് എന്നിവയുടെ മുന്നറിയിപ്പ് ബോർഡുകൾ വെച്ചിട്ടുണ്ടെങ്കിലും ബോർഡിന്റെ സമീപത്തു തന്നെയാണ് മാലിന്യ നിക്ഷേപിക്കുന്നത്. മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാൻ നിയമപാലകർക്കോ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങൾക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല. മാലിന്യ ശുചീകരണത്തിനായി പഞ്ചായത്തുകൾ തോറും ദിവസന വേതനാടിസ്ഥാനത്തിലും സ്ഥിര ജീവനക്കാരെയും നിയമിച്ചിട്ടുണ്ടെങ്കിലും ഇവർ പാതയോരത്തെ മാലിന്യങ്ങൾ നീക്കം ചെയ്യാറില്ലെന്ന പരാതി വ്യാപകമാണ്. എച്ച് വൺ എൻ വൺ പനി വീണ്ടും വ്യാപകമായിക്കൊണ്ടിരിക്കേ മാലിന്യ സംസ്‌കരണ പദ്ധതികൾ നടപ്പിൽ വരുത്തി പാതയോരങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ പിടികൂടി നിയമ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഫോട്ടോ: കൊല്ലങ്കോട് ചിക്കണാംമ്പാറയ്ക്ക് സമീപം കുന്നുകൂടിയ മാലിന്യം.
2. മുതലമട നെണ്ടൻകിഴായയിൽ പാതയോരത്ത് നിക്ഷേപിച്ച മാലിന്യം.