മണ്ണാർക്കാട്: അലനല്ലൂർ അത്താണിപ്പടിയിലെ കവർച്ച ഏഴ് പ്രതികളെ പൊലീസ് പിടികൂടി. കോട്ടയം, തൃശൂർ ഭാഗങ്ങളിലെ ക്വട്ടേഷൻ സംഘങ്ങളാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. കോട്ടയം തൃക്കൊടിത്താനം പൊലീസും പ്രതികളെ പിടികൂടുന്നതിൽ പങ്കാളികളായി.

ജിതിൻ, ജെയിംസ്, സബിജിത്, സുധീഷ് എന്നിവരെ തൃക്കൊടിത്താനം പൊലീസ് കോഴിക്കോട് നിന്നാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് നിബിൻ, ബാലൻ, ജിതിൻ ദേവസ്വം എന്നിവരെ നാട്ടുകൽ എസ്.ഐ വി.ജയപ്രസാദിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ പ്രശാന്ത്, റഫീഖ്, ദമോദരൻ, കമറുദ്ദീൻ, അൻവർ എന്നിവരടങ്ങുന്ന സംഘം കൽപ്പറ്റയിൽ നിന്നാണ് പിടികൂടിയത്. ഇവരിൽ നിന്ന് മൂർച്ചയേറിയ ചെറുകത്തി, മുളക് സ് പ്രേ, കുപ്പികൾ, മൊബൈൽ ഫോണുകൾ എന്നിവ കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട് കണ്ടമംഗലംം സ്വദേശികളായ സിയാദ്, ആഷിഖ്, കുന്തിപ്പുഴ സ്വദേശി അബൂബക്കർ സിദ്ദീഖ് എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അതിവിഗ്ദ്ധമായ ആസൂത്രണമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് നാട്ടുകൽ എസ്.ഐ പറഞ്ഞു.

ജനുവരി 19ന് പകൽ 11മണിക്കാണ് ചങ്ങലീരി സ്വദേശി റഷീദിനെ അക്രമിച്ച് 14 ലക്ഷം രൂപ കവർച്ച നടത്തിയത്. ക്വട്ടേഷൻ സംഘങ്ങളായ പ്രതികൾക്ക് വഴികാട്ടിയായി കണ്ടമംഗലം സ്വദേശി ആഷിഖ് ബൈക്കിൽ പൈലറ്റായി. സംഘത്തിൽ ബൈക്ക് റെയ്‌സിങ്ങിൽ അതിവിദ്ഗധനായ കണ്ണൻ റഷീദിന്റെ ബൈക്കിനെ പിൻതുടർന്ന് സാഹസികമായി തടഞ്ഞു. കണ്ണന് പുറകിലുണ്ടായിരുന്ന ക്വട്ടേഷൻ അംഗം സബിജിത് റഷീദിനെ കത്തി കാണിച്ച് ഭയപ്പെടുത്തി. തുടർന്ന് മാരുതി ആൾട്ടോ കാറിലെത്തിയ സംഘം ഹെൽമറ്റുപയോഗിച്ച് അടിക്കാൻ ചാടിയിറങ്ങിയതോടെ റഷീദ് ഓടിരക്ഷപ്പെടുകയായിരുന്നു. ചാലക്കുടി പോട്ട സ്വദേശി അണ്ണൻ എന്നറിയപ്പെടുന്ന നിഷാദാണ് മുഖ്യസൂത്രധാരകനെന്ന് പൊലീസ് അറിയിച്ചു.