പാലക്കാട്: അകത്തേത്തറ - നടക്കാവ് റെയിൽവേ മേൽപ്പാലം സ്ഥലമേറ്റെടുപ്പിന്റെ ആദ്യഘട്ട രജിസ്ട്രേഷൻ പൂർത്തിയായി. ഒലവക്കോട് സബ് രജിസ്ട്രാർ ഓഫീസിൽ ഇന്നലെ രാവിലെ ആറുപേർ മേൽപ്പാല നിർമ്മാണ ചുമതലയുള്ള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ പേരിൽ സ്വന്തം സ്ഥലം രജിസ്റ്റർ ചെയ്തു നൽകി.
നടക്കാവ് കുളത്തൂർ ഹൗസ് കെ.എ മുജീബ് റഹ്മാൻ സബ് രജിസ്ട്രാർ വാസുദേവൻ ചെറുമുക്കിന്റെ മുൻപിൽ ആദ്യം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി. ലാൻഡ് അക്വിസിഷൻ ജനറൽ തഹസിൽദാർ ബി. ബിനുമോൻ മുജീബ് റഹ്മാന് നഷ്ടപരിഹാരത്തുകയുടെ ചെക്ക് കൈമാറി. അകത്തേത്തറ നിവാസികളായ അബ്ദുൾനാസർ, ആയിഷ ഉമ്മ, ജയനാരായണൻ, വാസന്തി, സെയ്ത് മുഹമ്മദ്, എന്നിവരുടെ രജിസ്ട്രേഷൻ നടപടികളും പൂർത്തിയാക്കി. വരുംദിവസങ്ങളിൽ വിവിധ ഘട്ടങ്ങളിലെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.
2017- 18 ബഡ്ജറ്റിൽ ഉൾപ്പെടുത്തി 36 കോടി കിഫ്ബിയിൽ നിന്നും മേൽപ്പാല നിർമാണത്തിനായി നീക്കിവെച്ചിട്ടുണ്ട്. 35 സ്ഥലം ഉടമകളിൽ നിന്നായി ഒരേക്കർ ഏഴ് സെന്റ് ഭൂമിയാണ് ഏറ്റെടുക്കുന്നത്. വി.എസ് അച്യുതാനന്ദൻ എം.എൽ.എയുടെ നിർദ്ദേശപ്രകാരം സ്ഥലമുടമകൾക്ക് പരമാവധി നഷ്ടപരിഹാരത്തുക നൽകാൻ വിലനിർണയ കമ്മിറ്റി ഏർപ്പെടുത്തിയ പ്രത്യേക പാക്കേജ് പ്രകാരമാണ് നഷ്ടപരിഹാരം നൽകുന്നത്. നാലുകോടി 64 ലക്ഷമാണ് നഷ്ടപരിഹാരത്തുക നൽകുന്നതിനായി ചെലവഴിക്കേണ്ടത്. പാലക്കാട് -2, അകത്തേത്തറ വില്ലേജുകളിൽ നിന്നായി 42 സ്ഥലങ്ങളാണ് ഏറ്റെടുക്കുന്നത്. കല്ലേക്കുളങ്ങര മുതൽ ആണ്ടിമഠം വരെ ദേശീയ പാതക്ക് കുറുകെ രണ്ടുവരി പാതയായി 10. 90 മീറ്റർ വീതിയിലും 690 മീറ്റർ നീളത്തിലുമാണ് മേൽപാലം നിർമിക്കുക. ഇരുവശത്തും ഒരുമീറ്റർ വീതിയുള്ള നടപ്പാത ഒഴിവാക്കി 7.5 മീറ്റർ വീതിയിലായിരിക്കും ഗതാഗതം.


ഫോട്ടോ (1): ഒലവക്കോട് സബ് രജിസ്ട്രാർ ഓഫീസിൽ നടന്ന അകത്തേത്തറ- നടക്കാവ് മേൽപ്പാലത്തിന് സ്ഥലം വിട്ടുകൊടുത്തവരുടെ ഭൂമി രജിസ്ട്രേഷൻ