മുതലമട: ഗോവിന്ദാപുരം- മംഗലം അന്തർ സംസ്ഥാന പാതയിൽ നെണ്ടൻകിഴായയിലെ കാടുമൂടിയ കെ.എസ്.ഇ.ബി 100 കെ.വി ട്രാൻസ്‌ഫോർമർ അപകട ഭീഷണിയാകുന്നു.
ഒരു തീപ്പൊരി മതി ഇവിടെ വൻ ദുരന്തമുണ്ടാകാൻ. ട്രാൻസ്‌ഫോർമർ സ്ഥാപിച്ചതിന്റെ പരിസരം മണൽ വിരിക്കണമെന്നും ചുറ്റുവേലി കെട്ടണമെന്നുമുള്ള നിയമം ഇവിടെ നടപ്പാക്കിയിട്ടില്ല. ഇതുമൂലം ട്രാൻസ്ഫോർമറിനെ മൂടി പുൽക്കാട് വളർന്ന നിലയിലാണ്. ബാഹ്യമായ അഗ്നിബാധയോ ട്രാൻസ്‌ഫോർമറിൽ നിന്നുണ്ടാകുന്ന തീപ്പൊരി പരിസരത്തേക്ക് ചിതറിയാലോ പ്രദേശമാകെ തീ പടർന്ന് പിടിക്കുമെന്ന് ഉറപ്പാണ്.
വേനൽ കടുത്തതോടെ പ്രദേശത്ത് പാഴ്ച്ചെടികൾ കരിഞ്ഞുണങ്ങി നിൽക്കുന്നതും ഭീഷണിയാണ്. ട്രാൻസ്‌ഫോർമറിനെ സമീപം മാലിന്യം നിക്ഷേപിച്ചിട്ടുമുണ്ട്.
രാപ്പകൽ വ്യത്യാസമില്ലാതെ ചരക്ക്- ടൂറിസ്റ്റ് വണ്ടികളുൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാതയോരമാണിത്. ട്രാൻസ്‌ഫോർമറിന്റെ സുരക്ഷ സംവിധാനം ശക്തിപ്പെടുത്താതിരുന്നാൽ ഒരു തീപ്പൊരി കൂട്ടിയിട്ട മാലിന്യത്തിലോ ഉണങ്ങിയ ചെടികളിലോ പടർന്നാൽ വൻ ദുരന്തത്തിന് കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
മതിയായ സുരക്ഷ സംവിധാനമില്ലാത്ത നെണ്ടൻകിഴായിലെ ട്രാൻസ്ഫോർമർ