ചെർപ്പുളശേരി: പൊതുജലാശയങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് നെല്ലായ പഞ്ചായത്തിലെ തോടുകളിൽ വിരിക്കാനായി കൊണ്ടുവന്ന കയർ ഭൂവസ്ത്രം കത്തിച്ച സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വരണമംഗലം ചങ്ങരതൊടി രവീന്ദ്രനാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകfട്ടാണ് സംഭവം.
വരണമംഗലം കമ്പംതൊടി തോട്ടിൽ വിരിക്കാൻ ഇറക്കിയ ഭൂവസ്ത്രമാണ് കത്തിച്ചത്. അനുവാദം കൂടാതെയാണ് തന്റെ വീട്ടുവളപ്പിൽ കയർ ഭൂവസ്ത്രം ഇറക്കിയതെന്ന് ആരോപിച്ചാണ് രവീന്ദ്രൻ ഇത് കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.
എന്നാൽ ഇയാളുടെ സഹോദരങ്ങളോട് അനുവാദം ചോദിച്ചിരുന്നതായി തൊഴിലുറപ്പ് തൊഴിലാളി മേറ്റൺ കാളി പറഞ്ഞു. പരാതി ഉണ്ടായിരുന്നെങ്കിൽ ഇത് അവിടെ നിന്നും മാറ്റുമായിരുന്നെന്ന് പഞ്ചായത്ത് സെക്രട്ടറി റോയ് മാത്യുവും പറഞ്ഞു.
തൊഴിലുറപ്പ് തൊഴിലാളികളുമായി സഹകരിച്ച് വിരിക്കാൻ കൊണ്ടുവന്ന 16 റോൾ കയർ ഭൂവസ്ത്രമാണ് കത്തിച്ചത്. ഏകദേശം 10,4000 രൂപയുടെ നഷ്ടം സംഭവിച്ചതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ പൊതുമുതൽ നശിപ്പിച്ചതിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.