മണ്ണാർക്കാട്: ജനദ്രോഹ നയങ്ങൾ നടപ്പാക്കുന്നതിൽ മോദിക്കും പിണറായിക്കും ഒരേ നിലപാടെന്ന് കേരള കോൺഗ്രസ് (എം) വൈസ് ചെയർമാൻ ജോസ്.കെ.മാണി എം.പി. കേരള കോൺഗ്രസ് നടത്തുന്ന കേരള യാത്രക്ക് മണ്ണാർക്കാട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര - സംസ്ഥാന സർക്കാർ സ്വീകരിച്ച തെറ്റായ നയങ്ങളിൽ ഇവിടുത്തെ കർഷകർ തീരാ ദുരിതത്തിലായിരിക്കുകയാണ്. നോട്ട് നിരോധനവും, ജി.എസ്.ടിയും പോലുള്ള നയങ്ങൾ നടപ്പാക്കിയതിലൂടെ കേന്ദ്ര സർക്കാർ വികസനക്കുതിപ്പിലായിരുന്ന ഇന്ത്യയെ പിന്നോട്ടടിപ്പിച്ചു. പ്രളയത്തിൽ ദുരന്തത്തിലായ സംസ്ഥാനത്തെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ശബരിമല പോലുള്ള വിവാദങ്ങളുടെ മറവിൽ നിശ്ചലമാക്കി സംസ്ഥാന സർക്കാർ ഈ നാട്ടിലെ ജനങ്ങളെ കബളിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലയിലെ ആദ്യ സ്വീകരണമായിരുന്നു മണ്ണാർക്കാട്. 12 മണിയോടു കൂടി മണ്ണാർക്കാടെത്തിയ കേരള യാത്രക്ക് കോടതിപ്പടിയിൽ വാദ്യഘോഷങ്ങളുടെ അകമ്പടിയോടുകൂടി പ്രവർത്തകർ സ്വീകരണം നൽകി. തുടർന്ന് നടന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജോസ് ജോസഫ് അധ്യക്ഷത വഹിച്ചു. മുൻ എം.പി.ജോയി എബ്രഹാം ഉദ്ഘാടനം ചെയ്തു. കളത്തിൽ അബ്ദുള്ള, അഹമ്മദ് അഷ്രഫ്, അയ്യപ്പൻ, സലാം തുടങ്ങിയവർ സംസാരിച്ചു.